കൺസ്യൂമർഫെഡ് വിദേശമദ്യ ഷോപ്പിൽ നിന്ന് ഒന്നരലക്ഷം രൂപയും 34 ഫുൾ ബോട്ടിലുകളും കാണാനില്ല

Advertisement

ആലപ്പുഴ. സംസ്ഥാന സഹകരണ വകുപ്പിന്കീഴിലെ കൺസ്യൂമർഫെഡ് വിദേശമദ്യ ഷോപ്പിൽ നിന്ന് ഒന്നരലക്ഷം രൂപയും 34 ഫുൾ ബോട്ടിലുകളും കാണാനില്ല.
കൺസ്യൂമർഫെഡിന്റെ ആലപ്പുഴ ബോട്ട് ജെട്ടിയിലുള്ള വിദേശമദ്യ ഷോപ്പിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പണം കൊണ്ടുപോയത് റീജിയണൽ മാനേജർ എന്ന് ജീവനക്കാരുടെ മൊഴി.  സംഭവത്തിൽ കൺസ്യൂമർഫെഡ് അന്വേഷണം ആരംഭിച്ചു

രഹസ്യ വിവരത്തെ തുടർന്ന് രണ്ടുദിവസം മുൻപ് കൺസ്യൂമർഫെഡ് ഇൻസ്പെക്ഷൻ വിങ്ങ് നടത്തിയ മിന്നൽ പരിശോധനയിലാണ് ആലപ്പുഴ ബോട്ട് ജെട്ടിയിലെ വിദേശമദ്യ ഷോപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പ്രീമിയം കൗണ്ടർ അടക്കമുള്ള ഷോപ്പിൽ ആകെ 12 ജീവനക്കാരും മാനേജരും ആണുള്ളത്. ഒരു മാസത്തിലധികമായി മാനേജർ അവധിയിലാണ്. ബില്ലിനത്തിൽ കുറവ് കണ്ടെത്തിയ പണം 
റീജിയണൽ മാനേജർ പി സുനിൽ വീട് പണിക്ക് വേണ്ടി തുക മറിച്ചതാണെന്നാണ് മറ്റു ജീവനക്കാർ അന്വേഷണ സംഘത്തിനു മൊഴി നൽകിയത്. CITU കൺസ്യൂമർ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും പുന്നപ്രയിലെ സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗവുമാണ് പി സുനിൽ. കണക്കിലുള്ള 34 മുന്തിയനം ഫുൾ ബോട്ടിൽ ആണ് കാണാതായത്. ഇത് എങ്ങനെ നഷ്ടമായി എന്നത് സംബന്ധിച്ച വിശദീകരണവും ജീവനക്കാർ നൽകിയിട്ടില്ല.  ക്രമക്കേട് കണ്ടെത്തിയതോടെ പണം തിരികെ വെപ്പിച്ചു ഒതുക്കി തീർക്കാനാണ് നീക്കമെന്നും വകുപ്പുതല നടപടി ഒഴിവാക്കാൻ പാർട്ടി ഇടപെടൽ ഉണ്ടാകുന്നു എന്നുമാണ്  ആരോപണം
വിദേശമദ്യ നിർമ്മാതാക്കൾ നൽകുന്ന കമ്മീഷൻ വീതം വെപ്പിലെ തർക്കത്തെ തുടർന്നാണ് ഷോപ്പിലെ ക്രമക്കേട് പുറത്തുവന്നത്. നഷ്ടമായ തുക താൻ എടുത്തതല്ലെന്നും സംഭവത്തിൽ  അന്വേഷണം നടക്കട്ടെ എന്നും ആരോപണ വിധേയനായ പി സുനിൽ  പ്രതികരിച്ചു

Advertisement