ന്യൂഡെല്‍ഹി. കേശോപൂരിൽ കുഴല്‍ക്കിണറില്‍ വീണ യുവാവ് മരിച്ചു.മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവനോടെ പുറത്തെടുക്കാൻ ആയില്ല.മോഷണത്തിനുശേഷമോ മോഷണത്തിനായി വരുമ്പോഴോ കുഴൽക്കിണറിൽ വീണതാകാം എന്ന് നിഗമനം.മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സമയബന്ധിത അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി മന്ത്രി അതിഷി ചീഫ് സെക്രട്ടറിക്ക് കത്തെഴുതി.
കേശോപൂരിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് അടുത്തുള്ള കുഴൽക്കിണറിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്താൻ 15 മണിക്കൂറിലേറെ നടത്തിയ ദൗത്യമാണ് വിഫലമായത്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് വൈകിട്ട് മൂന്നുമണിയോടെ യുവാവിന്റെ മൃതദേഹം എൻഡിആർഎഫ് സംഘം പുറത്തെടുത്തു.
കുഴൽ കിണറിൽ അകപ്പെട്ട യുവാവിന് ഏകദേശം 30 നടുത്ത് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു യുവാവ് കുഴൽ കിണറിൽപ്പെട്ട വിവരം അഗ്നിരക്ഷാസേന അറിയുന്നത്. പ്രദേശത്തെ ഒരു ചെറിയ മുറിക്കുള്ളിൽ ആയിരുന്നു കുഴൽ കിണർ സ്ഥിതി ചെയ്തത്.ഇതിന്റെ പൂട്ട് തകർന്ന നിലയിലാണ് കണ്ടെത്തിയതെന്ന് മന്ത്രി അതിഷി പ്രതികരിച്ചു.
കുഴല്‍ക്കിണറില്‍ യുവാവ് എങ്ങനെ വീണു എന്നത് അവ്യക്തമായി തുടരുന്നു.മോഷണശ്രമത്തിനിടെ അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീണതാകാം എന്നാണ് പോലീസ് നിഗമനം.വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കാനും ഡൽഹി മന്ത്രി അതിഷി ചീഫ് സെക്രട്ടറിയോട് ആവിശ്യപെട്ടു. മരിച്ചയാളുടെ ബന്ധുക്കൾ പോലീസുമായി ബന്ധപ്പെട്ടതായി വിവരമില്ല…