കണ്ണൂര്‍ . തലശ്ശേരി – മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. പദ്ധതി യാഥാർഥ്യമായതോടെ ക്രെഡിറ്റെടുക്കാൻ പോര് സജീവം. പുതിയ പാതയിലൂടെ ബിജെപി നേതാക്കൾ റോഡ് ഷോ സംഘടിപ്പിച്ചു. വികസനത്തെ മത്സരമായി കാണുന്നില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷം തലശ്ശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യം.മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത. 1543 കോടി രൂപ ചിലവിലാണ് ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കിയത്.രാവിലെ എട്ടു മുതൽ ബൈപ്പാസിലെ ടോൾ പിരിവിനും തുടക്കമായി.
ഉദ്ഘാടനത്തിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് സ്പീക്കർ എ എൻ ഷംസീർ എന്നിവർ ഡബിൾ ബസ്സിൽ ബൈപ്പാസിലൂടെ യാത്ര ചെയ്തു. വികസനത്തിനായുള്ള സംസ്ഥാന സർക്കാർ ഇടപെടൽ ആർക്കും മായ്ച്ചു കളയാൻ ആകില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
ബിജെപി ദേശീയപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, കണ്ണൂരിലെയും വടകരയിലെയും എൻഡിഎ സ്ഥാനാർത്ഥികൾ എന്നിവരടക്കമുള്ളവർ പുതിയ ബൈപ്പാസിലൂടെ റോഡ് ഷോ സംഘടിപ്പിച്ചു.
ബസ് ജീപ്പ് വാൻ തുടങ്ങിയ ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് ടോൾ നിരക്ക്. ഇരുവശത്തേക്കും യാത്ര ചെയ്യാൻ 100 രൂപ. അമ്പത് യാത്രകൾക്ക് 2195 എന്ന പ്രതിമാസ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസും നൽകിയിട്ടുണ്ട്