വാർത്താനോട്ടം

Advertisement

2024 മാർച്ച് 13 ബുധൻ

🌴 കേരളീയം 🌴

🙏സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു. തിങ്കളാഴ്ച വൈദ്യുതിയുടെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നുവെന്ന് കെ എസ് ഇ ബി. ഇത് സര്‍വ്വകാല റെക്കോഡാണ്.

🙏 കൊച്ചി വാട്ടര്‍ മെട്രോ കൂടുതല്‍ മേഖലകളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കുന്നു. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് ടെര്‍നമിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 5.30ന് ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ വച്ചാണ് ചടങ്ങുകള്‍.

🙏 പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മിന് ശക്തമായ നിലപാടുണ്ടെന്നും നിയമം ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

🙏 കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇംഗ്ലീഷില്‍ പറയുന്നതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മലയാളത്തില്‍ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് കേരള വിരുദ്ധനെന്നും മന്ത്രി പി രാജീവ്. കേരളത്തിന് സാമ്പത്തിക പാക്കേജ് നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് ആശ്വാസകരമെന്നും മന്ത്രി പറഞ്ഞു.

🙏 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കഴിഞ്ഞമാസം 100 കോടി രൂപ നല്‍കിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 2,695 കോടി രൂപ പദ്ധതിക്കായി നല്‍കിയെന്നും ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം വര്‍ഷം 151 കോടി രൂപ മാത്രമാണെന്നും ധനകാര്യ മന്ത്രി അറിയിച്ചു.

🙏 രാജ്യത്തേക്ക് ആര് വരണം പോണം എന്ന് പിണറായി നോക്കണ്ടെന്നും പിണറായി സംസ്ഥാനത്തിന്റെ കാര്യം നോക്കിയാല്‍ മതിയെന്നും സുരേഷ്ഗോപി. പൗരത്വ നിയമഭേദഗതി നടപ്പിലാക്കില്ലെന്ന സംസ്ഥാനത്തിന്റെ നിലപാടിനെയാണ് സുരേഷ്ഗോപി രൂക്ഷമായി വിമര്‍ശിച്ചത്.

🙏ടിഎന്‍ പ്രതാപന്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്. തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിത്വം കെ മുരളീധരനായി വിട്ടൊഴിഞ്ഞതിന് പിന്നാലെയാണ് പ്രതാപന്റെ പുതിയ നിയമനം. പാര്‍ട്ടി എന്ത് ജോലി ഏല്‍പ്പിച്ചാലും ചെയ്യുന്ന വിനീത വിധേയനാണ് താനെന്നും പുതിയ ചുമതലയോടും നീതി പുലര്‍ത്തുമെന്നും പ്രതാപന്‍ പ്രതികരിച്ചു.

🙏സംസ്ഥാനത്ത് താപനില ഉയരുന്നു. മാര്‍ച്ച് 14 വരെയുള്ള ദിവസങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

🙏 കോഴിക്കോട് പേരാമ്പ്ര നൊച്ചാടിനടുത്തുള്ള തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം വാളൂര്‍ സ്വദേശി അനു എന്ന യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്ന് പോയ അനുവിന്റെ മൃതദേഹം ഇന്നലെ രാവിലെ 11 മണിക്കാണ് കണ്ടെത്തിയത്.

🇳🇪 ദേശീയം 🇳🇪

🙏 പൗരത്വനിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിനെതിരെ ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധം. എസ്ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

🙏 43 സ്ഥാനാര്‍ഥികള്‍ അടങ്ങിയ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. അസം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 43 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

🙏 തിരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിദ്രൗപദി മുര്‍മുവിന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ കത്ത്. വിധി നടപ്പിലാക്കുന്നത് രാഷ്ട്രപതി തടയണമെന്നാണ് പ്രസിഡന്റ് അദീഷ് സി. അഗര്‍വാലയുടെ കത്തിലെ ആവശ്യം.

🇦🇺 അന്തർദേശീയം 🇦🇽

🙏ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് മാലദ്വീപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാലദ്വീപില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് ഇന്ത്യ. അതേസമയം ഇന്ത്യന്‍ സൈനികരുടെ പിന്മാറ്റത്തിനിടെ മാലദ്വീപ് ചൈനയുമായി സൈനിക സഹായ കരാറില്‍ ഒപ്പുവച്ചു.

🙏 മെക്സിക്കന്‍ അതിര്‍ത്തിവഴിയുള്ള നിയമവിരുദ്ധകുടിയേറ്റമില്ലാതാക്കുകയാണ് തന്റെ പ്രധാനലക്ഷ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്. യു.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യം ചെയ്യുക മെക്സിക്കന്‍ അതിര്‍ത്തി അടയ്ക്കുകയായിരിക്കുമെന്നും ട്രംപ് പറഞ്ഞു. കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ജയിലില്‍ക്കഴിയുന്നവരെ വെറുതേവിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

🏏 കായികം 🏏

🙏 വനിതകളുടെ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 7 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 113 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വെറും 15 റണ്‍സ് മാത്രം വിട്ടു കൊടുത്ത് 6 വിക്കറ്റെടുത്ത എലിസ് പെറിയാണ് മുംബൈയുടെ നടുവൊടിച്ചത്

Advertisement