കലോത്സവം നിർത്തിവെച്ച നടപടി, വൈസ് ചാൻസിലറോട് ഗവർണർ റിപ്പോർട്ട് തേടും

Advertisement


തിരുവനന്തപുരം.കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചതിൽ വൈസ് ചാൻസിലറോട് ഗവർണർ റിപ്പോർട്ട് തേടും. പരാതികളുടെ അടിസ്ഥാനത്തിലാണ് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. അതെ സമയം കലോത്സവത്തിനിടെ ഉണ്ടായ കോഴ ആരോപണത്തിൽ പ്രോഗ്രാം കൺവീനറും എസ് എഫ് ഐ ജില്ലാ പ്രസിഡണ്ടുമായ നന്ദൻ വിജിലൻസിന് പരാതി നൽകി.



ഇന്ന് തന്നെ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനോട് റിപ്പോർട്ട് തേടാനാണ് ഗവർണറുടെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ ഉൾപ്പെടെ സർവകലാശാലയ്ക്ക് കൈമാറും. നിരന്തരം ഉണ്ടായ സംഘർഷങ്ങളും മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിർത്തിവെച്ചതെന്നായിരുന്നു രജിസ്ട്രാറുടെ വിശദീകരണം. പ്രശ്നങ്ങളും പരാതികളും പരിഹരിച്ചശേഷം മാത്രമേ ഇനി കലോത്സവം അനുവദിക്കു എന്നാണ് സർവകലാശാലയുടെ  നിലപാട്. അതെ സമയം മാർഗ്ഗംകളിയിലെ കോഴ ആരോപണത്തിൽ വിധികർത്താക്കൾക്കും പരിശീലകർക്കും എതിരെ സമഗ്രമായ അന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ വിജിലൻസിന് പരാതി നൽകി. വാട്സ് ആപ്  ചാറ്റ് ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് പ്രോഗ്രാം കൺവീനർ നന്ദൻ പരാതി നൽകിയത്. വരും ദിവസങ്ങളിൽ സംഘാടകസമിതി യോഗം ഉൾപ്പെടെ വിളിച്ചുചേർത്തശേഷമായിരിക്കും പൂർത്തിയാക്കാത്ത മത്സരങ്ങൾ നടത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.