കുട്ടനാടന്‍ കർഷകരുടെ പ്രശ്നങ്ങളും കുട്ടികളുടെ ആരവവും കേട്ട് കൊടിക്കുന്നിൽ

Advertisement

കുട്ടനാട്:മാവേലിക്കര പാർലമെന്റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്
കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ റോഡ് ഷോ നടത്തി.എം.പി ഫണ്ടിൽ നിർമ്മിച്ച കുന്നംകരി-വാലടി റോഡ് ഉദ്ഘാടനം ചെയ്തു.മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കർമ്മവും എം.പി നിർവഹിച്ചു.മുട്ടാറിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്.നീരേറ്റുപുറം,എടത്വ,
കാരിച്ചാൽ,തകഴി ജംഗ്ഷൻ,ചമ്പക്കുളം, കൈനകരി, മങ്കൊമ്പ്,പുളിങ്കുന്ന്, തട്ടാശ്ശേരി,കാവാലം,ഈരാ ജംഗ്ഷൻ, വാലടി,കിടങ്ങറ,മാമ്പുഴക്കരി എന്നിവിടങ്ങളിൽ റോഡ് ഷോയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നു.തകഴി വേലപ്പുറം പാടശേഖരത്തിൽ കർഷകരും കർഷക തൊഴിലാളികളുമായി സ്ഥാനാർഥി ആശയ വിനിമയം നടത്തി.


നെല്ലിന്റെ സംഭരണ വില ലഭിക്കാൻ വൈകുന്നത് കർഷകരുടെ ജീവിതത്തെയും അടുത്ത വിളവെടുപ്പിനുള്ള ഒരുക്കങ്ങളെയും സാരമായി ബാധിക്കുന്നതായി കർഷകർ പരാതിപ്പെട്ടു.സംഭരണ വില ലഭിക്കാത്തതിനാൽ കൂലി നൽകാൻ കർഷകർക്കും ആവശ്യപ്പെടാൻ തങ്ങൾക്കും കഴിയുന്നില്ലെന്നാണ് കർഷക തൊഴിലാളികളുടെ പരാതി.കുട്ടനാട്ടെ പാടശേഖരങ്ങളിൽ നിന്ന് സംഭരിച്ച നെല്ല് മില്ലുകളിൽ എത്തിക്കാൻ ഊഴം കാത്തുകിടക്കുന്ന ലോറികളാണ് എങ്ങും.ചുട്ടുപൊള്ളുന്ന വെയിലിൽ ഉണങ്ങിയ നെല്ല് മില്ലുകളിൽ എത്തുമ്പോൾ ഈർപ്പം ഉണ്ടെന്നു പറഞ്ഞു വില കുറയ്ക്കാനാണ് മില്ലുകാർ ശ്രമിക്കുന്നതെന്ന് കർഷകർ പരാതിപ്പെട്ടു.നെല്ല് സംസ്കരിക്കുന്നതിന് കൈകാര്യ ചെലവായി മില്ലുകള്‍ക്ക് സർക്കാർ നല്‍കുന്നത് തുച്ഛമായ തുകയാണ്.ഈ അധിക ബാധ്യത കൂടി തങ്ങളിൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് കർഷകരുടെ മറ്റൊരു പരാതി.യാത്ര നെടുമുടി ഗവ.എൽ.പി സ്കൂളിന് മുന്നിൽ എത്തിയപ്പോൾ എച്ച്എം മിനി തങ്കപ്പന്റെ അഭ്യർത്ഥന.പഠനോത്സവം നടക്കുന്ന സ്കൂളിൽ ഒന്ന് കയറണമെന്ന്.മരത്തണലിൽ കളി ചിരികളികളുമായി കഴിഞ്ഞിരുന്ന കുട്ടിക്കൂട്ടത്തിനൊപ്പം സ്ഥാനാർഥി അല്പനേരം ചെലവഴിച്ചു.കുട്ടികളോടൊപ്പം സെൽഫി എടുത്താണ് മടങ്ങിയത്.
തൊട്ടടുത്ത പാലത്തിന് സമീപം വിശ്രമിക്കുകയായിരുന്ന പരുത്തിക്കളം പൂളിലെ പരിചയക്കാരായ കയറ്റിറക്ക് തൊഴിലാളികളോട് കുശലാന്വേഷണം നടത്തി.ചുട്ടുപൊള്ളുന്ന വെയിൽ വകവയ്ക്കാതെ തുറന്ന ജീപ്പിലായിരുന്നു സ്ഥാനാർഥിയുടെ
റോഡ് ഷോ. രാത്രി വൈകി രാമങ്കരി ജംഗ്ഷനിൽ സമാപിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ തങ്കച്ചൻ വാഴച്ചിറ,കൺവീനർ ജോസഫ് ചേക്കോടൻ,വിവിധ കക്ഷി നേതാക്കളായ അഡ്വ.ജേക്കബ് എബ്രഹാം,കെ.പി സുരേഷ്,എം.കെ. ബാബുനേശ്,രഘു ഉത്തമൻ,സി.വി.രാജീവ്,ജോർജ് മാത്യു പഞ്ഞിമരം എന്നിവർ നേതൃത്വം നൽകി.

Advertisement