സെര്‍വര്‍ തകരാര്‍… റേഷന്‍ മസ്റ്ററിങ് മുടങ്ങി

Advertisement

കേരളത്തില്‍ മുന്‍ഗണന കാര്‍ഡുകളുടെ റേഷന്‍ മസ്റ്ററിങ് മുടങ്ങി. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ഇ-കെവൈസി ആണ് മുടങ്ങിയത്. മഞ്ഞ കാര്‍ഡുടമകള്‍ ഇന്ന് മസ്റ്ററിങ് നടത്തണമെന്ന നിര്‍ദ്ദേശവും, പിങ്ക് കാര്‍ഡുകാര്‍ മടങ്ങണമെന്നും അവര്‍ക്ക് പിന്നീട് ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.
രാവിലെ എട്ടുമണി മുതല്‍ മുന്‍ഗണന കാര്‍ഡുകളുടെ റേഷന്‍ മസ്റ്ററിങ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നേരത്തെ തന്നെ ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ വില്ലനായി. ഇതോടെ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്നു.
ഇന്നും നാളെയും മറ്റന്നാളും റേഷന്‍ വിതരണം നിര്‍ത്തിവച്ച് മസ്റ്ററിങ് നടത്താനായിരുന്നു തീരുമാനം. മസ്റ്ററിങിനൊപ്പം ഏതാനും കടയുടമകള്‍ റേഷന്‍ വിതരണം കൂടി നടത്തിയതാണ് പ്രശ്‌നമായതെന്നാണ് ഭക്ഷ്യമന്ത്രിയുടെ വിശദീകരണം. ഇന്ന് മസ്റ്ററിംഗ് നടത്താന്‍ സാധിക്കാത്തതോടെ ഇതിനുവേണ്ടി മറ്റൊരു ദിവസം കൂടി മാറ്റിവയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് റേഷന്‍ കടയുടമകള്‍. വിതരണം മാറ്റിവെച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, മാര്‍ച്ച് മാസത്തെ റേഷന്‍ ആവശ്യമെങ്കില്‍ ഏപ്രില്‍ ആദ്യ ആഴ്ചയിലും വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement