ഷാജിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചത് കണ്ടെന്ന് നൃത്ത പരിശീലകന്‍, യുവജനോത്സവം പൂർത്തിയാക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം

Advertisement

തിരുവനന്തപുരം. സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച കേരള സർവകലാശാല യുവജനോത്സവം പൂർത്തിയാക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം .  സംഘർഷങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. അതേസമയം കോഴക്കേസിലെ രണ്ടും മൂന്നും പ്രതികൾക്ക് ഹൈക്കോടതി ജാമ്യംനൽകി. വിധികർത്താവ് പിഎൻ ഷാജിക്ക് മർദനമേറ്റെന്ന കുടുംബത്തിന്റെ ആരോപണം എസ്എഫ്ഐ തള്ളി.


തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലുടെ നിർദേശപ്രകാരമാണ് കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചത്. കലോത്സവം പൂർത്തീകരിക്കാൻ സർവകലാശാല ആസ്ഥാനത്ത് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. എവിടെവെച്ചാണ് കലോത്സവം  പൂർത്തീകരിക്കുക എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. കലോത്സവ വേദിയിലുണ്ടായ പ്രതിഷേധങ്ങളും സംഘർഷങ്ങളും അന്വേഷിക്കാൻ പ്രത്യേക സമിതിയേയും സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തി. ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ്, ഡോക്ടർ ജയൻ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിക്കുക. ഈ സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കലോത്സവ മാന്വൽ ഭാവിയിൽ പരിഷ്കരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിഷ്കരണം സംബന്ധിച്ച്  സമഗ്രമായി പഠിക്കുന്നതിന് ഒരു സമിതിയെ രൂപീകരിക്കും. യൂണിയന്റെ കാലാവധി നീട്ടുന്നതിൽ പിന്നീട് തീരുമാനമെടുക്കും. കോഴക്കേസിൽ പ്രതിയായ വിധികർത്താവ് പിഎൻ ഷാജിക്ക് മർദനമേറ്റെന്ന കുടുംബത്തിന്റെ ആരോപണം എസ്എഫ്ഐ തള്ളി. കോൺഗ്രസ് മരണത്തെപ്പോലും രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ.

എന്നാൽ ഷാജിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചത് കണ്ടെന്ന് നൃത്ത പരിശീലകനും കേസിലെ രണ്ടാം പ്രതിയുമായ ജോമറ്റ് വെളിപ്പെടുത്തി. എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പോലീസിൽ സമീപിക്കുമെന്നും ജോമറ്റ്.

കോഴ ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ വിധികർത്താവ് പിഎൻ ഷാജിയുടെ മൃതദേഹം സംസ്കരിച്ചു. അതേസമയം കോഴക്കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റിനും സൂരജിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.