പടിഞ്ഞാറെ കല്ലട: നിർദ്ധനയും നിരാലംബയും ഭിന്നശേഷിക്കാരായ മുതിർന്ന രണ്ട് മക്കളുടെ അമ്മയുമായ ഷൈലജയുടെ ദുരിത കഥ മാസങ്ങൾക്ക് മുമ്പാണ് പുറംലോകം അറിഞ്ഞത്. ഷൈലജയുടെയും മക്കളുടെയും ദുരിതം മനസിലാക്കിയ കല്ലട സൗഹൃദം കൂട്ടായ്മ ആ കുടുംബത്തിന്റെ ദുഃഖം ഏറ്റെടുത്തു.
സുമനസുകളുടെ കാരുണ്യത്താൽ ടാർപ്പാളിൻ ഷെഡിൽ നിന്ന് ആ അമ്മയ്ക്കും മക്കൾക്കും മോചനമായിരിക്കുന്നു. ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച തുക കൊണ്ട് കേവലം അടിത്തറ ഒരുക്കാൻ മാത്രമേ ആ അമ്മയ്ക്കും ഭിന്നശേഷിക്കാരിയായ മുപ്പത്തിനാല് വയസുള്ള മകൾ വിനജയ്ക്കും മുപ്പതുകാരനായ ശരത്തിനും സാധിച്ചുള്ളൂ. അവരുടെ ദുഃഖം ഏറ്റെടുത്ത് ഒരു വീടൊരുക്കി നൽകാൻ കല്ലട സൗഹൃദത്തിന് കഴിഞ്ഞിരിക്കുന്നു. . നാളെ വൈകിട്ട് മുന്നിന് പുതിയ വീട്ടിന്റെ അങ്കണത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി കലയപുരം ജോസ് ഷൈലജയ്ക്ക് താക്കോൽ സമ്മാനിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. ശ്രീ.സി ഉണ്ണികൃഷ്ണൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സർവശ്രീ എൻ. ശിവാനന്ദൻ. അംബികകുമാരി, എൻ.ഓമനക്കുട്ടൻ പിള്ള തുടങ്ങി ഒട്ടനേകം വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിലേയ്ക്ക് എല്ലാ നാട്ടുകാരും എത്തിച്ചേരണമെന്ന് കല്ലട സൗഹൃദകൂട്ടായ്മ അഭ്യർത്ഥിച്ചു