തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിന് കിഫ്ബി ഫണ്ട് അനുവദിപ്പിക്കും: ഡോ: തോമസ് ഐസക്ക്

Advertisement

തിരുവല്ല:കിഫ്ബിയിൽ ഉൾപ്പെടുത്തി
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൻ്റെ നവീകരണം പൂർത്തിയാക്കുമെന്നും അപ്പോൾ ഫണ്ടിന് ക്ഷാമമുണ്ടാകില്ലന്നും ഡോ: ടി എം തോമസ് ഐസക് പറഞ്ഞു. കായിക രംഗവുമായി ബന്ധപ്പെട്ടു നിൽക്കുന്നതായ വ്യക്തികളോട് ചർച്ചകൾ നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. തിരുവല്ലയിൽ പ്രമുഖ വ്യക്തികളോടുള്ള മുഖാമുഖം പരിപാടിയിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായ ഡോ.തോമസ് ഐസക്ക്.
ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ അവഗണിക്കപ്പെട്ടുകിടക്കുകയാണെന്നും പ്രധാന ട്രയിനുകൾ നിർത്തുന്നില്ലന്നും മുഖാമുഖത്തിൽ ചൂണ്ടി കാണിപ്പപ്പെട്ടപ്പോൾ തിരുവല്ല സ്റ്റേഷന് മുൻഗണന നൽകാനാവുമെന്ന് ഐസക് മറുപടി പറഞ്ഞു.
മഞ്ഞാടിയിലെ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഐടി പാർക്ക് വികസിപ്പിക്കും. ഇങ്ങനെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി 20 സ്വകാര്യ ഐടി പാർക്കുകൾ ആരംഭിക്കും. വിജ്ഞാൻ പത്തനംതിട്ട ഇക്കാര്യങ്ങൾ ലക്ഷ്യമിടുന്നുണ്ട്.
മത ന്യൂനപക്ഷങ്ങൾക്ക് നേരെ എവിടെ അക്രമണങ്ങൾ ഉണ്ടാകുന്നുവോ അവിടെയെല്ലാം ഓടി എത്തും. ഒരാള് ചോദിക്കാൻ ഉണ്ടെങ്കിൽ ഇതിനെല്ലാം കുറവുണ്ടാകും. പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. ഭരണഘടന നൽകുന്ന അവകാശവും സ്വാതന്ത്ര്യവും നേടാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പാസ്റ്റർ ബോസ് വി എബ്രഹാം ഉന്നയിച്ച ആശങ്കകൾക്ക് തോമസ് ഐസക് മറുപടി നൽകി. ഓരോ വർഷം കഴിയുന്തോറും മതന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ക്രൂരമായ അക്രമങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുകയാണ് ഇതിന് അറുതി വരുത്താൻ ശക്തമായി ഇടപെടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ശനിയാഴ്ച തിരുവല്ല അസംബ്ലി മണ്ഡത്തിലെ എട്ടു കേന്ദ്രങ്ങളിലാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. രാവിലെ 9 ന് വെണ്ണിക്കുളത്ത് ഭാസ്കരൻ്റെ വസതിയിൽ നിന്നാണ് ആരംഭിച്ചത്. മല്ലപ്പള്ളി ട്രിനിറ്റി ഹാൾ, കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, തിരുവല്ല ഗവൺമെൻ്റ് എംപ്ലോയിസ് സഹകരണ ബാങ്ക് ആഡിറ്റോറിയം, നെടുംബ്രം മലയിത്ര എസ്എൻഡിപി ഹാൾ, പെരിങ്ങര ഇളമൺ ഹെറിറ്റേജ്, കടപ്ര ജോർജ്കുട്ടിയുടെ വസതി, നിരണം വൈഎംസിഎ എന്നിവിടങ്ങളിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.
സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളാണ് മുഖാമുഖത്തിൽ പങ്കെടുത്തത്. മാത്യു ടി തോമസ് എംഎൽഎ, എൽഡിഎഫ് മണ്ഡലം കൺവീനർ ആർ സനൽകുമാർ, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, സിപിഐ എം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി, മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വർഗീസ് എന്നിവരും ഡോ: റ്റി എം തോമസ് ഐസക്കിനോടൊപ്പം ഉണ്ടായിരുന്നു.