തൃശൂർ. ചാലക്കുടിയിൽ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി. പരിയാരം പഞ്ചായത്തിലെ തൊഴിലാളികളെയാണ് പാർട്ടി നേതൃത്വത്തിന്റെ പേരിൽ ചുമതലക്കാരി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. തൊഴിലുറപ്പ് മേറ്റ് ആയ താര രവിയെ തള്ളി പഞ്ചായത്ത് ഭാരവാഹികൾ രംഗത്തെത്തി.
എൽഡിഎഫ് സ്ഥാനാർഥി പ്രഫ സി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് ചുമതലക്കാരി താര രവി വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം തൊഴിലാളികളും ഇതിൽ പങ്കെടുത്തില്ല. ഇതോടെ പ്രകോപിതയായ താര തൊഴിലാളികളെ അസഭ്യം പറയുകയായിരുന്നു.
100 തൊഴിൽ ദിനം തന്നത് പഞ്ചായത്ത് പ്രസിഡണ്ട് ആണെന്ന് പരിപാടിയിൽ പങ്കെടുക്കാത്തതുകൊണ്ട് ഈ വർഷം തൊഴിൽ നൽകില്ലെന്നുമാണ് ഭീഷണി. മറ്റു വാർഡുകളിലുള്ളവർക്ക് പകരം തൊഴിൽ നൽകാൻ നിർദ്ദേശിച്ചതായി താര പറയുന്നു. എന്നാൽ താരയുടെ ശബ്ദ സന്ദേശം സ്ഥിരീകരിച്ച പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഭീഷണി സന്ദേശം തള്ളി. തങ്ങളുടെ നിർദ്ദേശപ്രകാരമല്ല താര ഭീഷണിപ്പെടുത്തിയിരുന്നു അതിൽ ഉത്തരവാദിത്തമില്ലെന്നും ടെസ്റ്റിൻ പറഞ്ഞു. പരിപാടിയിൽ തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിനുള്ള അറിയിപ്പ് നൽകാൻ മാത്രമാണ് താരയെ ചുമതലപ്പെടുത്തിയതെന്ന് പഞ്ചായത്ത് അറിയിച്ചു.