ടാറ്റ കണ്ടയിനറുകള്‍ക്ക് ടാറ്റ, ഇനി സര്‍ക്കാരിന്‍റെ കഞ്ഞി പദ്ധതി

Advertisement

കോവിഡ് കാലത്ത് ടാറ്റ കമ്പനി കേരളത്തിന് സമ്മാനിച്ച ടാറ്റ ആശുപത്രി സ്‌കൂളുകളിലെ കഞ്ഞിപ്പുരകളാക്കാൻ സർക്കാർ തീരുമാനം. ക്വാറന്റൈൻ സംവിധാനം ഒരുക്കാൻ കാസറഗോഡ് ജില്ലയിൽ നൽകിയ 125 കണ്ടെയ്നറുകളാണ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിൽ കഞ്ഞിപ്പുരകളാക്കുക. പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിനാൽ കണ്ടെയ്നറുകൾ നീക്കം ചെയ്യാനുള്ള മാർഗം കൂടിയാണ് പുതിയ തീരുമാനം.


രാജ്യത്ത് കോവിഡ് രോഗികൾ കൂടിയ ജില്ലയായി കാസറഗോഡ് മാറിയപ്പോഴായിരുന്നു ടാറ്റയുടെ സമ്മാനം. 60 കോടി രൂപ ടാറ്റ സാമൂഹിക സുരക്ഷ ഫണ്ടിൽ നിന്നും അനുവദിച്ചാണ് ആശുപത്രി നിർമ്മിച്ചത്. ഇതിനായി സർക്കാർ 4.12 ഏക്കർ ഭൂമി നൽകുകയും ചെയ്തിരുന്നു… അയ്യായിരം കോവിഡ് രോഗികളെ ചികിത്സിച്ച ആശുപത്രി, കോവിഡ് മുക്തമായതോടെയാണ് ജില്ലയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്. ഇതിന്റെ ഭാഗമായി 33 കോടി രൂപ ചെലവിൽ
  ജില്ലാ ആശുപത്രിയുടെ ഭാഗമായ ക്രിട്ടിക്കൽ കെയർ യൂണിറ്റ് ഇവിടെ ആരംഭിക്കാനാണ് തീരുമാനം . ഇതിന് പിന്നാലെയാണ് ആശുപത്രിയായിരുന്ന 125 കണ്ടെയ്നറുകളിൽ ചോർന്നൊലിക്കുന്ന പതിനൊന്നെണ്ണം ഒഴിവാക്കി ബാക്കി സ്‌കൂളുകളിലെ കഞ്ഞിപ്പുരകളാക്കാൻ നീക്കം നടക്കുന്നത്….


കണ്ടെയ്നറുകൾ ഒഴിവാകുന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ സ്ഥലം ലഭിക്കും… ഒരു വർഷം കൊണ്ട് ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.