ടോവീനോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആളാന്നറിഞ്ഞില്ല, സുനില്‍കുമാര്‍

Advertisement

തൃശൂര്‍. ടൊവീനോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് തൃശൂരിലെ ഇടതുസ്ഥാനാര്‍ത്ഥി വി.എസ്.

സുനില്‍കുമാര്‍. അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ എടുത്തുമാറ്റി. തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വി.എസ്. സുനില്‍കുമാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിനൊപ്പം എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരേ നടന്‍ ടൊവീനോ രംഗത്ത് വരികയും തന്റെ ചിത്രം ദുരുപയോഗം ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ടൊവീനോയുടെ സിനിമാസെറ്റില്‍ എത്തിയപ്പോഴായിരുന്നു വി.എസ്. സുനില്‍കുമാര്‍ ടൊവീനോയുമായി ചേര്‍ന്ന് ഫോട്ടോയെടുത്തതും സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടതും. തുടര്‍ന്ന് തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്നും താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസഡറാണെന്നും വ്യക്തമാക്കിക്കൊണ്ട് ടൊവീനോ തന്നെ പോസ്റ്റിടുകയായിരുന്നു. അതിനിടയില്‍ കലാമണ്ഡലം ഗോപിയെ സുരേഷ്ഗോപിയുടെ പ്രചരണത്തിനായി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി സുരേഷ്ഗോപിയും രംഗത്ത് വന്നു. തനിക്കുവേണ്ടി ആരേയും ചുമതലപ്പെടുത്തിയിട്ടില്ല എന്നായിരുന്നു സുരേഷ്ഗോപിയുടെ പ്രതികരണം.

താനോ പാര്‍ട്ടിയോ അക്കാര്യം ചെയ്തിട്ടില്ല എന്നും തനിക്ക് ആ വിഷയത്തില്‍ എന്തെങ്കിലും ബന്ധമില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. സുരേഷ്ഗോപിക്കു വേണ്ടി പല വിഐപിഎകളും അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് കലാമണ്ഡലം ഗോപിയുടെ മകന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വന്‍ ചര്‍ച്ചയായി മാറിയതോടെയാണ് സുരേഷ്ഗോപി വിശദീകരണവുമായി എത്തിയത്. സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ച ഉയര്‍ത്തിയതോടെ പിന്നാലെ ആ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഇപ്പോള്‍ സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കലാമണ്ഡലം ഗോപിയുടെ മകന്‍ രഘു ഗുരുകൃപ.