യുവതിയെ തോട്ടില്‍ മുക്കിക്കൊന്ന മുജീബ് മറ്റൊരു അതിക്രൂര സംഭവത്തിലെ പ്രതി

Advertisement

മലപ്പുറം. തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുജീബ് 2020 ല്‍ വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി. അസാധാരണ ക്രൂര സംഭവങ്ങളിലെ പ്രതികള്‍ നിയമത്തിലെ വഫുതുകള്‍ ഉപയോഗിച്ച് സമൂഹത്തിലേക്ക് വീണ്ടും വേട്ടയ്ക്കായി ഇറങ്ങുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് അനുവിന്‍റെ ദുരന്തം. പേട്ടയില്‍ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതിയും ഇത്തരത്തില്‍ കടന്നയാളാണ്. ആലുവയില്‍ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയും ഇതുപോലെ രക്ഷപ്പെട്ട് നടന്നയാളാണ്.

പഴയ കേസില്‍ മുജീബ് വയോധികയെ തട്ടിക്കൊണ്ടുപോയി ഓട്ടോയില്‍ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം മോഷണം നടത്തുകയും ചെയ്തിരുന്നു. ഈ കേസിന് സമാനമായ രീതിയിലായിരുന്നു അനുവിനെ കൊലപ്പെടുത്തിയ കേസിലും പ്രതി ചെയ്തത്.

മുത്തേരിയില്‍ നടന്ന സംഭവത്തില്‍ അന്നും പ്രതിയെത്തിയത് മോഷ്ടിച്ച വാഹനത്തിലായിരുന്നു. ഓട്ടോറിക്ഷയില്‍ എത്തിയ ഇയാള്‍ ജോലിക്ക് പോകാന്‍ കാത്തുനില്‍ക്കുന്ന വയോധികയ്ക്ക് ലിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞ് ഓട്ടോയിലേക്ക് വിളിച്ചുകയറ്റുകയായിരുന്നു. അതിന് ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് വയോധികയുടെ കാലും കയ്യും ഓട്ടോയില്‍ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അതിന് ശേഷം ഇവരുടെ കയ്യിലിരുന്ന പണവും മറ്റും തട്ടിയെടുത്ത ശേഷം വഴിയില്‍ ഉപേക്ഷിച്ചു. പിന്നീട് ഇഴഞ്ഞ് സമീപത്തെ ഒരു വീട്ടില്‍ ചെന്നുകയറി ഇവര്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. പ്രതിയെ പോലീസ് പൊക്കുകയും ചെയ്തു.

കുറ്റകൃത്യത്തിന് ശേഷം മുങ്ങിയെ ഇയാഴെ പേരാമ്ബ്രയിലെ ഭാര്യവീട്ടില്‍ നിന്നുമായിരുന്നു മുക്കം പോലീസ് പൊക്കിയത്. ഒന്നരവര്‍ഷം ശിക്ഷിക്കപ്പെട്ട ഇയാള്‍ കോവിഡ് സെന്ററില്‍ നിന്നും കടന്നുകളയുകയായിരുന്നു. പിന്നീട് ഈ കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴാണ് മോഷണം നടത്താന്‍ മറ്റൊരു കൊടും ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. വാളൂര്‍ നടുക്കണ്ടി പാറയിലെ എഫ്.എച്ച്.സിക്കു സമീപത്തെ അള്ളിയോറ താഴെ കൈത്തോട്ടിലേക്ക് കൊണ്ടുപോയി യുവതിയെ ബോധം കെടുത്തി തല ചെളിയില്‍ ചവിട്ടിത്താഴ്ത്തിയായിരുന്നു അനുവിനെ ഇയാള്‍ കൊലപ്പെടുത്തിയത്. അനുവിനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ട ഒരു ദൃക്സാക്ഷിയുടെ മൊഴിയാണ് മുജീബിനെ കുടുക്കിയത്.

ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അടുത്ത ജങ്ഷനില്‍ കാത്തുനിന്നിരുന്ന അദ്ദേഹത്തിന്റെ അരികില്‍ എത്താന്‍ വാഹനം കാത്തു നില്‍ക്കുന്നതിനിടയിലാണ് കണ്ണൂര്‍, മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ നൊച്ചാട് മേഖലയിലെ ഗ്രാമീണ റോഡിലൂടെ മുജീബ് എത്തിയത്. വാഹനം ലഭിക്കാത്തതില്‍ അനു അസ്വസ്ഥതയായി ഫോണിലൂടെ സംസാരിക്കുന്നത് മുജീബ് റഹ്‌മാന്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് യുവതിയോട് തന്ത്രപരമായി സംസാരിച്ച് അടുത്ത ജങ്ഷനില്‍ ഭര്‍ത്താവിനരികെ ഇറക്കിവിടാമെന്നു പറഞ്ഞു െബെക്കില്‍ കയറാന്‍ അഭ്യര്‍ഥിച്ചു. ആദ്യം മടിച്ച അനു പിന്നീട് ബൈക്കില്‍ കയറി അകലം പാലിച്ചിരുന്ന് യാത്ര തുടര്‍ന്നതായി ദൃക്സാക്ഷി മൊഴിയുണ്ട്.

യാത്രയ്ക്കിടെ വാളൂര്‍ നടുക്കണ്ടി പാറയിലെ എഫ്.എച്ച്.സിക്കു സമീപത്തെ അള്ളിയോറ താഴെ കൈത്തോടിന് സമീപമെത്തിയതോടെ, മൂത്രമൊഴിക്കണമെന്നറിയിച്ച് മുജീബ് ബൈക്ക് നിര്‍ത്തി. ഒപ്പമിറങ്ങിയ അനുവിന്റെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ തള്ളിവീഴ്ത്തി. തലയടിച്ചു വീണ് ബോധം മറഞ്ഞ അനുവിനെ വെള്ളം കുറവുള്ള കൈത്തോട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തല ചെളിയില്‍ ചവിട്ടിത്താഴ്ത്തി. ബ്രേസ്ലെറ്റും പാദസരവും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം അതേ ബൈക്കില്‍ യാത്ര തുടര്‍ന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതായത്. പിറ്റേന്നു രാവിലെ പതിനൊന്നോടെ വീട്ടില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെ നൊച്ചാട് തോട്ടില്‍ മൃതദേഹം കണ്ടെത്തി. വേനലില്‍ വെള്ളംകുറഞ്ഞ തോട്ടില്‍ മുങ്ങിമരിക്കില്ലെന്ന് ഉറപ്പായതോടെയാണു കൊലപാതകസാധ്യത പോലീസ് പരിശോധിച്ചത്. അനുവിന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതും സംശയത്തിന് ആക്കം കൂട്ടി. സംഭവശേഷം മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലെത്തിയ മുജീബ് റഹ്‌മാന്‍, സ്വര്‍ണാഭരണങ്ങള്‍ അയല്‍ക്കാരന്‍ കൂടിയായ സഹായി അബൂബക്കറിനെ ഏല്‍പ്പിച്ചു. ഇയാളുടെ സഹായത്തോടെ മലപ്പുറത്തെ സേട്ടുവിന് 1.7 ലക്ഷം രൂപയ്ക്കു വിറ്റു. ബൈക്ക് എടവണ്ണപ്പാറയില്‍ ഉപേക്ഷിക്കുകയും ചെയ്തു.

Advertisement