ഇടുക്കി. മാങ്കുളത്ത് ട്രാവലര്‍ മറിഞ്ഞ് മൂന്നു മരണം. തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 9 പേർ ചികിത്സയിലാണ്.
വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. തമിഴ്നാട്ടിൽ നിന്നും 14 പേരുമായി എത്തിയ ട്രാവലർ 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മാങ്കുളത്തിനും ആനക്കുളത്തിനും ഇടയിലുള്ള പേമരം വളവിലാണ് വാഹനത്തിൻറെ നിയന്ത്രണം നഷ്ടമായത്. അപകടത്തിന് പിന്നാലെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ വരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. ചിന്നമന്നൂർ സ്വദേശി ഗുണശേഖരൻ, തേനി സ്വദേശികളായ അഭിനവ് – ശരണ്യ ദമ്പതികളുടെ ഒരു വയസുള്ള മകൻ തൻവിക്, ഈറോഡ് വിശാഖ മെറ്റൽ ഉടമ പി കെ സേതു എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കുള്ളവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തിരുനൽവേലിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും ബന്ധുക്കളും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ പേര് വിവരങ്ങൾ പോലീസ് ശേഖരിക്കുകയാണ്. പേമരം വളവിൽ ഇതിന് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.