മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് എത്തിച്ച മലയാളികള്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍

Advertisement

തിരുവനന്തപുരം. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കായി നടത്തിയ മനുഷ്യക്കടത്തില്‍ യുദ്ധമുഖത്ത് കുടുങ്ങി മലയാളികള്‍. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് പേരാണ് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ടത്. സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് കബളിപ്പിച്ചതെന്ന് തട്ടിപ്പിന് ഇരയായ പ്രിന്‍സ് സെബാസ്റ്റ്യന്‍ ട്വന്റിഫോറിനോട് പറഞ്ഞു. തുമ്പ സ്വദേശി പ്രിയന്‍ വഴിയാണ് വിദേശത്തേക്ക് പോയതെന്ന് പ്രിന്‍സ് സെബാസ്റ്റ്യന്റെ കുടുംബം പ്രതികരിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ യുവാക്കളുടെ വീട് സന്ദര്‍ശിച്ചു

മാസം രണ്ടര ലക്ഷം  ശമ്പളം വാഗ്ദാനം ചെയ്താണ് അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, വിനീത് സില്‍വ, ടിനു പനിയടിമ എന്നിവരെ റഷ്യയിലെത്തിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ കൊണ്ടു പോയത് ക്യാമ്പിലേക്ക്. തുടര്‍ന്ന് 22 ദിവസത്തെ ആയുധ പരിശീലനം കഴിഞ്ഞ് യുദ്ധത്തിനയച്ചു

യുദ്ധമുഖത്ത് വച്ച് പ്രിന്‍സിന്റെ തലയ്ക്ക് വെടിയേറ്റു. ഗ്രനേഡ് ആക്രമണത്തില്‍ കാലു തകര്‍ന്നു. ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് വീട്ടുകാരെ ബന്ധപ്പെടാനായത്. ഒപ്പമുണ്ടായിരുന്ന ടിനുവും വിനീതും ഇപ്പോഴും യുദ്ധഭൂമിയില്‍ തുടരുകയാണ്

കേന്ദ്രമന്ത്രി വി. മുരളീധരന്‍ അഞ്ചുതെങ്ങിലെ വീട്ടിലെത്തി കുടുബത്തെ കണ്ടു. റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. യുവാക്കളെ ലക്ഷ്യമിട്ട് വന്‍ സംഘം പ്രവര്‍ത്തിക്കുന്നുവെന്നാണ് വിലയിരുത്തല്‍

Advertisement