ജിദ്ദ. വോട്ട് ചെയ്യാന്‍ പ്രവാസ ലോകത്ത് നിന്നും വോട്ട് വിമാനം എത്തുന്നു. ജിദ്ദ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ വോട്ടര്‍മാരെയും വഹിച്ചുള്ള ആദ്യ വോട്ട് വിമാനം ഏപ്രില്‍ ആറിന് കോഴിക്കോട് എത്തും. വോട്ട് വിമാനത്തിലേക്കുള്ള രജിസ്‌ട്രേഷൻ കഴിഞ്ഞ ദിവസം ജിദ്ദയിൽ ആരംഭിച്ചു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുമ്പോള്‍ അതേ ആവേശത്തില്‍ തന്നെയാണ് പ്രവാസ ലോകവും. ജിദ്ദ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ വോട്ട് വിമാനം സര്‍വീസ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആദ്യ വോട്ട് വിമാനം ഏപ്രില്‍ ആറിന് ജിദ്ദയില്‍ നിന്നു കോഴിക്കോട്ടേക്ക് പറക്കുമെന്ന് ജിദ്ദ കെ.എം.സി.സി പ്രസിഡന്‍റ് അബൂബക്കര്‍ അരിമ്പ്ര പറഞ്ഞു.
വോട്ട് വിമാനത്തിലേക്കുള്ള റെജിസ്ട്രേഷന്‍ കെ.എം.സി.സിയുടെ ഇഫ്താര്‍ സംഗമത്തില്‍ വെച്ച് ആരംഭിച്ചു. ഇതിന് പുറമെ കേരളത്തില്‍ 15 ലക്ഷം വോട്ടര്‍മാരെ നേരില്‍ കാണാനുള്ള പ്രവര്‍ത്തനങ്ങളും ജിദ്ദ കെ.എം.സി.സി ആരംഭിച്ചു.
സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രവാസ ലോകത്തിരുന്നു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും കെ.എം.സി.സി തീരുമാനിച്ചിട്ടുണ്ട്.