വയനാട്ടുകളരിയില്‍ കെ സുരേന്ദ്രന്‍, ഇനി തട്ടു തകര്‍ക്കും

Advertisement

വയനാട്‌. രാഹുല്‍ ഗാന്ധിയും ആനി രാജയും പയറ്റി തുടങ്ങിയ വയനാട്ടുകളരിയില്‍ കെ സുരേന്ദ്രന്‍ എത്തുന്നതോടെ തെരഞ്ഞെടുപ്പ്‌ കളരി തട്ടുതകര്‍ക്കുമെന്നുറപ്പ്. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ മത്സരം കാഴ്‌ച വയ്‌ക്കാന്‍ ബിജെപി തയാറാകുന്നില്ലെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ്‌ സംസ്ഥാന അധ്യക്ഷനെ തന്നെ ഇക്കുറി കേന്ദ്ര നേതൃത്വം രംഗത്തിറക്കിയിരിക്കുന്നത്‌. വയനാട്ടില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസില്‍ നിന്ന്‌ മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക്‌ കിട്ടിയത്‌ 78,816 വോട്ടുകള്‍ മാത്രമാണ്‌.


പേരുകള്‍ പലത്‌ പറഞ്ഞുകേട്ടിരുന്നെങ്കിലും ബിജെപി ഇത്തരമൊരു നീക്കം നടത്തുമെന്ന്‌ ആരും കരുതിയതല്ല. മത്സരിക്കാന്‍ വിമുഖത കാട്ടിയിരുന്ന കെ സുരേന്ദ്രനെ കളത്തിലിറക്കിയത്‌ നരേന്ദ്രമോദിയുടെയും അമിത്‌ ഷായുടേയും നേരിട്ടുള്ള ഇടപെടലെന്ന്‌ വിവരം. ഇരുവരും ഒരുപോലെ മുന്നോട്ട്‌ വച്ചത്‌ സുരേന്ദ്രന്റെ ഒറ്റപ്പേര്‌. രാഹുല്‍ഗാാന്ധിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ബന്ധബുദ്ധിയുണ്ടായത്‌ കേന്ദ്ര നേതൃത്വത്തിന്‌. രാഹുല്‍ഗാാന്ധിക്കെതിരെ ശക്തമായ മത്സരം നടത്താന്‍ ബിജെപി നേതൃത്വം തയാറാകുന്നില്ലെന്നായിരുന്നു നേരത്തെ ഉയര്‍ന്നിരുന്ന വിമര്‍ശനശരം. കഴിഞ്ഞ തവണ ബിഡിജെഎസിന്‌ വേണ്ടവിധം മണ്ഡലത്തില്‍ ശോഭിക്കാനായില്ല. 2014ലെ തെരഞ്ഞെടുപ്പില്‍ നേടിയ 80,752 വോട്ടുകള്‍ മറികടക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കായിരുന്നില്ല. അതിനാലാകാണം ഇക്കുറി ബിജെപി സീറ്റ്‌ ഏറ്റെടുത്തത്‌. ബിജെപിക്ക്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതുവരെ നേടാനായത്‌ 9 ശതമാനത്തില്‍ താഴെ വോട്ടുകളാണ്‌. ഈ അനുഭവമുള്ളപ്പോള്‍ വയനാട്ടില്‍ ത്രികോണ മത്സര സാധ്യതയെത്രത്തോളം എന്നാണ്‌ രാഷ്ട്രീയ നിരീക്ഷരുടെ കണക്കുകൂട്ടല്‍. സംസ്ഥാന അധ്യക്ഷനിറങ്ങുന്നതോടെ വോട്ടുവിഹിതം ഉയര്‍ത്താനാകും എന്ന പ്രതീക്ഷയാണ്‌ നേതൃത്വത്തിനുമുള്ളത്‌.


പ്രചാരണ രംഗത്ത്‌ ഇപ്പോള്‍ ഉള്ളത്‌ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജ മാത്രമാണ്‌. എല്ലാ പഞ്ചായത്തുകളിലും ഇതുവരെ ആനിരാജയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്‌. രാഹുല്‍ഗാ്‌ന്ധി വൈകാതെ മണ്ഡലത്തിലെത്തുമെന്നാണ്‌ നേതൃത്വം വ്യക്തമാക്കുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സികെ ജാനുവിന്‌ കോഴ നല്‍കിയതെന്ന പരാതി ഉന്നയിച്ച പ്രസീത അഴീക്കോടും ഇക്കുറി മത്സരരംഗത്തുണ്ട്‌. കെ സുരേന്ദ്രന്‍ എത്തുന്നതോടെ ഈ കോഴ ആരോപണവും പ്രചാരണ രംഗത്ത്‌ വീണ്ടും സജീവമായേക്കാം.

Advertisement