വയനാട്: ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും പോരാട്ട ചിത്രം പൂർണമായി. വയനാട്ടിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയാണ് ബിജെപി രാഹുൽ ഗാന്ധിക്കും ആനി രാജക്കുമെതിരെ നിർത്തിയിരിക്കുന്നത്. വിജയത്തിലുപരി പാർട്ടിയുടെ പരാമവധി വോട്ടുകൾ പിടിച്ച് രാഹുലിനെതിരായ പോരാട്ടം ശക്തമാക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്.
മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കെ സുരേന്ദ്രൻ. എന്നാൽ ദേശീയ നേതൃത്വം ഇടപെട്ട് വയനാട്ടിൽ മത്സരിപ്പിക്കുകയായിരുന്നു. അമേഠിയിലെ ജനങ്ങൾ രാഹുലിനെതിരെ എങ്ങനെ വിധിയെഴുതിയോ അത് തന്നെ വയനാട്ടിലും ആവർത്തിക്കുമെന്നായിരുന്നു സ്ഥാനാർഥിത്വത്തിന് ശേഷമുള്ള സുരേന്ദ്രന്റെ പ്രതികരണം.
അതേസമയം യുഡിഎഫിന്റെ ഉറച്ച മണ്ഡലമായാണ് വയനാട് അറിയപ്പെടുന്നത്. കഴിഞ്ഞ തവണ 4.31 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. പാർട്ടി രാഷ്ട്രീയത്തിലുപരി വോട്ടുകൾ രാഹുലിനെ കഴിഞ്ഞ തവണ തേടിയെത്തിയെന്നതാണ് വസ്തുത. എന്നാൽ ഇത്തവണ ശക്തയായ സ്ഥാനാർഥിയെയാണ് ഇടതുപക്ഷം വയനാട്ടിൽ നിർത്തിയിരിക്കുന്നത്. സിപിഐയുടെ ദേശീയ നേതാവ് ആനി രാജയാണ് എൽഡിഎഫ് സ്ഥാനാർഥി
ആനി രാജയും രാഹുൽ ഗാന്ധിയും നേർക്കുനേർ മത്സരമുറപ്പിക്കുന്നിടത്തേക്കാണ് കെ സുരേന്ദ്രന്റെ കടന്നുവരവ്. ഇതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം തന്നെ നടന്നേക്കും. മൂന്ന് പാർട്ടികളുടെയും അതിപ്രധാനപ്പെട്ട നേതാക്കൾ മത്സരിക്കുന്ന മണ്ഡലമെന്ന രീതിയിൽ വയനാട് ദേശീയ ശ്രദ്ധ നേടുകയും ചെയ്യും.
Home News Breaking News ലോക് സഭ തെരെഞ്ഞെടുപ്പ്: മൂന്ന് പാർട്ടികളുടെയും പ്രധാന നേതാക്കൾ വയനാട്ടിൽ; മത്സരം കടുക്കും