വയനാട്. ജെഎസ് സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച പൂക്കോട് വെറ്റനറി സര്‍വകലാശാലയുടെ നടപടി റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി ഗവര്‍ണര്‍. സസ്പെന്‍ഷന്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും ഗവര്‍ണര്‍ വിസിയോട് തേടി. അതേസമയം കുറ്റകൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികളുടെ ഒരാഴ്ചത്തെ സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചതാണ് വിവാദമായത്
സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല കൈക്കൊണ്ടത് പലതരത്തിലുള്ള നടപടികളാണ്. സസ്പെന്‍ഷന്‍, ഇന്‍റന്‍ഷിപ്പ് റദ്ദാക്കല്‍, സ്കോളര്‍ഷിപ്പ് റദ്ദാക്കല്‍ തുടങ്ങിയ നടപടിയാണ് സര്‍വകലാശാല കൈക്കൊണ്ടത്. ഇതില്‍ ഒരാഴ്ച സസ്പെന്‍ഡ് ചെയ്യപ്പെട്ട 33 വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയാണ് സര്‍വകലാശാല കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. നിയമോപദേശം തേടാതെ നടപടി പിന്‍വലിച്ചുവെന്ന ആരോപണമാണ് സര്‍വകലാശാലയ്ക്കെതിരെ ഉയര്‍ന്നത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍രംഗത്തെത്തി. അന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി
നടപടി റദ്ദാക്കാനാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിര്‍ദേശം. വിഷയത്തില്‍ വിസിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സസ്പെന്‍ഷന്‍ പിന്‍വലിച്ചത് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത വിദ്യാർഥികളുടെതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി ആന്‍റി റാംഗിങ് സെല്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയില്‍ ഒരിളവും നല്‍കില്ലെന്നാണ് വിസി വ്യക്തമാക്കിയത്. അതേസമയം മുന്‍ വര്‍ഷത്തില്‍ നടന്ന മറ്റൊരു റാംഗിങ്ങുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി വൈസ് ചാന്‍സിലര്‍ക്ക് നോട്ടീസ് അയച്ചു. രണ്ട് വിദ്യാര്‍ത്ഥികളുടെ പഠനം വിലക്കിയത് സ്റ്റേ ചെയ്തുകൊണ്ടാണ് നോട്ടീസ് അയച്ചത്. അമ്രേഷ് ബാലി, അജിത് അരവിന്ദാക്ഷന്‍ എന്നിവരുടെ ഹര്‍ജിയിലാണ് നടപടി. റാഗിംഗിന് ഇരയായിട്ടില്ലെന്ന് നേരത്തെ പരാതി നല്‍കിയ വിദ്യാര്‍ത്ഥി മൊഴി നല്‍കിയിട്ടുണ്ട്. സിദ്ദാര്‍ത്ഥന്റെ മരണത്തിന് പിന്നാലെയാണ് പഴയ കേസില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായ രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തത്.
Home News Breaking News പൂക്കോട് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച വെറ്റനറി സര്‍വകലാശാലയുടെ നടപടി റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി ഗവര്‍ണര്‍