വിഡി സതീശനെതിര വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിക്കാരന് കോടതിയുടെ വിമര്‍ശനം

Advertisement

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിക്കാരന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഹര്‍ജിയില്‍ പറയുന്ന ആരോപണങ്ങള്‍ക്ക് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. തെളിവുണ്ടെങ്കില്‍ മാത്രമേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാവൂ. തെളിവുകള്‍ രേഖമൂലം സമര്‍പ്പിക്കാന്‍ കഴിയുമോയെന്നും ഹര്‍ജി നല്‍കിയ എ.എച്ച്. ഹഫീസിനോട് കോടതി ചോദിച്ചു. വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

പരാതി നല്‍കിട്ടുണ്ട് എന്ന് ഹര്‍ജിക്കാരന്‍ മറുപടി നല്‍കി. തുടര്‍ന്ന് കോടതി വിജിലന്‍സിനോട് ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. അടുത്ത മാസം ഒന്നിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.നിയമസഭയിലാണ് പി.വി. അന്‍വര്‍ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്.

കെ.റയില്‍ വന്നാല്‍ കര്‍ണ്ണാടകയിലേയും, ഹൈദ്രാബാദിലേയും ഐടി മേഖല തകരുമെന്നും അത് ഒഴിവാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ഗൂഡാലോചന നടത്തി പദ്ധതിയെ തകര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചുവെന്നുമായിരുന്നു ആരോപണം. ദൗത്യം വിജയിച്ചാല്‍ സതീശന് മുഖ്യമന്ത്രി പദമാണ് ഉറപ്പ് നല്‍കിയത്. കൂടാതെ മത്സ്യം കൊണ്ടുവരുന്ന ലോറിയില്‍ 50 കോടി വീതം മൂന്ന് തവണയായി തൃശൂര്‍ ചാവക്കാട് ചേറ്റുവ കടപ്പുറത്ത് എത്തിച്ച ശേഷം അവിടെ നിന്ന് ആംബുലന്‍സുകളില്‍ സതീശന്റെ കൂട്ടാളികളുടെ കൈയ്യിലെത്തിച്ചുമെന്നാണ് ആന്‍വറിന്റെ ആരോപണം. ഈ ആരോപണത്തില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹഫീസ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Advertisement