സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച കേസ് സിബിഐയ്ക്ക് വിടുന്നതില്‍ കാലതാമസം; 3 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

Advertisement

സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച കേസ് സിബിഐയ്ക്ക് വിടുന്നതില്‍ കാലതാമസമുണ്ടായതില്‍ ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. പ്രൊഫോമ റിപ്പോര്‍ട്ട് വൈകിപ്പിച്ചത് ഇവരുടെ വീഴ്ച കൊണ്ടാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
സിദ്ധാര്‍ഥന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഈ മാസം 9നാണ് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഒരാഴ്ചയ്ക്കുശേഷം 16നാണ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് അയച്ചത്.
സിബിഐ അന്വേഷണം സര്‍ക്കാര്‍ വൈകിപ്പിക്കുന്നു എന്ന് സിദ്ധാര്‍ഥന്റെ കുടുംബം ആരോപിച്ചതിനു പിന്നാലെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവന്നിരുന്നു. രേഖകള്‍ ലഭിക്കാത്തതിനാല്‍ സിബിഐക്ക് അന്വേഷണ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നടപടി.