കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

Advertisement

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പി.ജി വിദ്യാര്‍ഥിനി കാമ്പസിലെ വനിത ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ചു. ചരിത്രപഠന വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും തലശ്ശേരി കതിരൂര്‍ വേറ്റുമ്മല്‍ രതീഷ് റോഡിലെ ‘പ്രതീക്ഷ’യില്‍ ഇബ്രാഹീമിന്റെയും നൗഷീനയുടെയും മകളുമായ റാനിയ ഇബ്രാഹീമാണ് (22) മരിച്ചത്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച രാവിലെ 9.45ഓടെ കാന്റീൻ വരാന്തയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സഹപാഠികൾ കാമ്പസിലെ ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു.
ഇതിനു മുമ്പും ശാരീരികപ്രശ്നങ്ങളെ തുടർന്ന് റാനിയ കുഴഞ്ഞുവീണിരുന്നതായി സഹപാഠികൾ പറഞ്ഞു.

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ് പൂര്‍വ വിദ്യാര്‍ഥിയും കണ്ണൂര്‍ സര്‍വകലാശാല ബി.എ ഹിസ്റ്ററി റാങ്ക് ജേതാവുമാണ്.
ഫാത്തിമയാണ് സഹോദരി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സര്‍വകലാശാല കാമ്പസിലെ സെമിനാര്‍ കോംപ്ലക്‌സില്‍ പൊതുദര്‍ശനത്തിന് വെച്ചു.
ഖബറടക്കം ഇന്ന് ആറാംമൈല്‍ മൈതാനപ്പള്ളി ഖബർസ്ഥാനില്‍.