പത്തനംതിട്ട . ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളി, പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് ചുമതല സിപിഐഎം സംസ്ഥാന നേതൃത്വം ഏറ്റെടുക്കുന്നു . ഒരു സംസ്ഥാന നേതാവിന് മുഴുവൻ സമയ ചുമതല നൽകി തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആണ് തീരുമാനം . അതേസമയം കയ്യാങ്കളി വിഷയത്തിൽ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപടി മതി എന്ന തീരുമാനമാണ് നേതൃത്വത്തിനുള്ളത്
സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാധ്യമങ്ങളോട് വിശദീകരിച്ചത് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഒരു കയ്യാങ്കളിയും നടന്നിട്ടില്ലെന്നായിരുന്നു . ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് മന്ത്രി വി എൻ വാസവൻ സമ്മതിക്കുകയും ചെയ്തു .എന്തായാലും പത്തനംതിട്ടയിൽ നിന്ന് വരുന്നത് അത്ര ശുഭകരമായ വാർത്തകൾ അല്ല എന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ . കയ്യാങ്കളി നടന്നു എന്നു പറയപ്പെടുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത മന്ത്രി വി എൻ വാസവനോട് വിശദമായ വിവരങ്ങൾ തേടിയ ശേഷമാണ് സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ . കേന്ദ്രകമ്മിറ്റി അംഗം മത്സരിക്കുന്ന മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല സംസ്ഥാന നേതൃത്വം നേരിട്ട് ഏറ്റെടുക്കാനാണ് തീരുമാനം . അതിനായി ഒരു സംസ്ഥാന നേതാവിനെ തന്നെ ഒരു സംസ്ഥാന നേതാവിനെ തന്നെമുഴുവൻ സമയം മണ്ഡലത്തിൽ നിയോഗിക്കും .ഇതാരായിരിക്കും എന്ന കാര്യം ഉടൻ തന്നെ തീരുമാനിക്കും . നിലവിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മന്ത്രി വി എൻ വാസവൻ ,കെ ജെ തോമസ് , പുത്തലത്ത് ദിനേശൻ എന്നിവരാണ് പത്തനംതിട്ട മണ്ഡലത്തിൽ ചുമതല വഹിക്കുന്നത് . എന്നാൽ ഒരാൾക്കു മാത്രം ചുമതല നൽകിയുള്ളബദൽ സംവിധാനത്തിനാണ് പുതിയ നീക്കം.നേതാക്കളുടെ ചേരിപ്പോരിൽ ഇപ്പോൾ നടപടി വേണ്ടെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞുമാത്രമേ ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നുമാണ് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
.