തിരുവനന്തപുരം.ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന് എതിരെ സിഐടിയു. ഡ്രൈവിംഗ് സ്കൂൾ പരിഷ്കാരങ്ങൾ അനുവദിക്കില്ല എന്നും ഗണേഷ്കുമാർ ഇടത് മന്ത്രി സഭയിലെ അംഗം ആണെന്ന് ഓർക്കണമെന്നും മുൻ എംഎല്‍എ കെ കെ ദിവാകരൻ. സെക്രട്ടേറിയറ്റിന് മുന്നിൽ സിഐടിയു പ്രതിഷേധം തുടരുന്നു.
ഡ്രൈവിംഗ് സ്കൂളുകളും ടെസ്റ്റുകളും പരിഷ്കരിച്ചു കൊണ്ട് ഫെബ്രുവരി 21 ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് സിഐടിയു പ്രതിഷേധം. ഗതാഗത മന്ത്രി തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കും. വേണ്ടിവന്നാൽ മന്ത്രിയുടെ വഴി തടഞ്ഞ് സമരം ചെയ്യുമെന്നും മുൻ എംഎൽഎ കെ കെ ദിവാകരൻ.
ലേണിംഗ് ടെസ്റ്റുകളുടെ സ്ലോട്ട് മുപ്പതായി കുറച്ചത് പിൻവലിക്കണമെന്നും, നിലവിലുള്ള ടെസ്റ്റ് ഗ്രൗണ്ടുകൾ മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്ത് വിപുലീകരിച്ച ശേഷം പരിഷ്കാര നടപടികൾ സ്വീകരിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ ഏപ്രിൽ മൂന്നിന് ഗതാഗത മന്ത്രിയുടെ വസതിക്കു മുന്നിൽ ധർണ്ണ നടത്തും. മൂന്നാംഘട്ടത്തിൽ മന്ത്രിയെ തടഞ്ഞുള്ള സമരത്തിന് ഒരുങ്ങുകയാണ് സിഐടിയു.