കാലിക്കറ്റ് സർവകലാശാലയിൽ ഫല പ്രഖ്യാപനത്തിനുശേഷവും 43 പേരുടെ ഇന്‍റേണൽ മാർക്ക് തിരുത്തി; റിപ്പോർട്ട്

Advertisement

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷവും നിയമവിരുദ്ധമായി ഇന്‍റേണല്‍ മാര്‍ക്ക് തിരുത്തിയതായി കണ്ടെത്തല്‍. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റേതാണി ഗുരുതരമായ കണ്ടെത്തൽ. 43 പേരുടെ ഇന്‍റേണല്‍ മാര്‍ക്കാണ് ഇത്തരത്തിൽ തിരുത്തിയതായി കണ്ടെത്തിയത്. ഇതിനു പുറമേ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവങ്ങളില്‍ ഉത്തരവാദികളെ കണ്ടെത്താന്‍ പോലും സര്‍വകലാശാലക്ക് കഴിഞ്ഞിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-2021 അധ്യയന വര്‍ഷത്തെ സിന്‍റിക്കേറ്റ് പരീക്ഷാ സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ മിനുട്സുള്‍പ്പെടെ പരിശോധിച്ചതില്‍ നിന്നാണ് 43 പേരുടെ ഇന്‍റേണല്‍ മാര്‍ക്ക് ഫലപ്രഖ്യാപനത്തിനു ശേഷവും തിരുത്താന്‍ അവസരം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായത്. സർവകലാശാലയുടെ ഹാന്‍റ് ബുക്കിൽ നിർദേശിച്ചിട്ടുള്ള ചട്ടങ്ങളുടെ ലംഘനമാണിത്. ഇതിനു പുറമേ 2020-21 അധ്യയന വര്‍ഷം 200 വിദ്യാര്‍ത്ഥികള്‍ക്ക് ചട്ടവിരുദ്ധമായി ഇന്‍റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അനുമതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അനര്‍ഹമായി ഇന്‍റേണല്‍ മാര്‍ക്ക് നല്‍കുന്ന തീരുമാനം പുന:പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.