കരുവന്നൂരില്‍ തന്റെ നേതൃത്വത്തില്‍ നടന്ന സമരം തൃശൂര്‍കാരുടെ സമരമാണെന്നും തനിക്ക് മുന്നിലും പിന്നിലും ചുറ്റിലുമെല്ലാം നടന്നത് ഇവിടുത്തെ നാട്ടുകാരാണെന്നും തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. പരസ്പരം ഡീല്‍ ചെയ്തവരാണ് ബിജെപിക്കെതിരെ വിമര്‍ശനവുമായി വരുന്നതെന്നും സുരേഷ് ഗോപി പരിഹസിച്ചു.
ഇഡി അവരുടെ ജോലി കൃത്യസമയത്തു ചെയ്യും അതിലൊന്നും നമുക്ക് ഇടപെടാനാകില്ല. ഇഡിയെ വിമര്‍ശിച്ച കെ. മുരളീധരനോട് ഇഡിയുടെ മുന്നില്‍ പോയി സത്യഗ്രഹമിരിക്കാനും സുരേഷ് ഗോപി ഉപദേശിച്ചു.
തന്റെ മുന്നില്‍ മുരളിച്ചേട്ടനുമില്ല, കര്‍ഷകനുമില്ല. സമ്മതിദായകരേയുള്ളൂ, ജനങ്ങളേയുള്ളൂ; അവരുടെ തൃശൂരും. സഹകരണ പ്രസ്ഥാനങ്ങളിലെ അധമം, അതു തൂക്കിലേറ്റണം. അത് അങ്ങനെ തന്നെയാണ്. സുരേഷ് ഗോപി പറഞ്ഞു.
”കരുവന്നൂരിലെ ജനങ്ങളുടെ പണവുമായി ബന്ധപ്പെട്ട് മാത്രമാണ് എന്റെ ഇടപെടല്‍. അവരുടെ പണം തിരിച്ചുകിട്ടണം. അവര്‍ക്കു വാഗ്ദാനം ചെയ്ത പലിശയടക്കം. ഇന്ന് പ്രാബല്യത്തിലുള്ള പലിശ എത്രയാണോ, അതടക്കം തിരിച്ചുകൊടുക്കണം. ഇനി അഥവാ അവര്‍ തിരിച്ചു കൊടുക്കുന്നില്ലെങ്കില്‍, പുതിയ പാര്‍ലമെന്റ് വരുന്നതോടുകൂടി ഇതുമായി ബന്ധപ്പെട്ട് ശക്തമായ നിയമം കൊണ്ടുവരുന്നതിനായി അവിടെ പോരാടും. അതിനാണ് പ്രാഥമികമായിട്ടു ഞാന്‍ പോകുന്നത്. ഇതില്‍ ഒരു സാമ്പത്തിക ഫാസിസമുണ്ട്. ആ ഫാസിസം തകര്‍ക്കണം, തോല്‍പ്പിക്കണം.’ സുരേഷ് ഗോപി പറഞ്ഞു.