കോട്ടയം: അരുണാചൽ പ്രദേശിൽ മലയാളികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നിലെ കാരണം തേടുകയാണ് ബന്ധുക്കളും, പോലീസും. ദുർമന്ത്രവാദമെന്ന് സംശയവുമുണ്ട്.’ ഒരു കടവുമില്ല, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല, ഞങ്ങൾ എവിടെയാണോ അങ്ങോട്ട് പോകുന്നു എന്ന് എഴുതിയ കുറിപ്പും ഇവരുടെ മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിൽ വ്യത്യസ്ത രീതിയിലുള്ള മുറിവുണ്ടാക്കി രക്തം വാർന്നാണ് മൂന്നു പേരും മരിച്ചത്. ഇവർ മരണാനന്തര ജീവിതത്തെപ്പറ്റി ഗൂഗിളിൽ തിരഞ്ഞതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരെയാണ് അരുണാചലിലെ ഹോട്ടലിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
മാർച്ച് 17നാണ് നവീൻ -ദേവി ദമ്പതികൾ വീട്ടിൽ നിന്ന് പോയത്. മന്ത്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനയിൽ ഇരുവരും അംഗങ്ങളായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ദേവിയും നവീനും 13 വർഷങ്ങൾക്കു മുൻപാണ് വിവാഹിതരായത്. ആയുർവേദ ഡോക്റ്റർമാരായിരുന്ന ഇവർ തിരുവനന്തപുരത്തായിരുന്നു താമസം. കുട്ടികൾ വേണ്ടെന്നായിരുന്നു ഇരുവരുടെയും തീരുമാനം. ഒരു പ്രത്യേക സംഘടനയിൽ ഇരുവരും അംഗങ്ങളായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ആ സംഘടന വഴിയാണ് ഇവർ അരുണാചലിലേക്കു പോയതെന്നും സംശയമുണ്ട്.
വിവരം അറിഞ്ഞ് ബന്ധുക്കളും വട്ടിയൂർക്കാവിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനും ഇന്ന് ഉച്ചയ്ക്ക് സംഭവസ്ഥലത്ത് എത്തിച്ചേരും. തുടർന്ന് പോസ്റ്റ് മാർട്ടം നടപടികൾ നടക്കും.