ഫേസ്ബുക്ക് പേജില്‍ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ വെബ്‌സൈറ്റില്‍ കയറി വസ്ത്രം ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി. മലപ്പുറം മേലാറ്റൂര്‍ ചോലക്കുളം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. യുവതിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ വെബ്‌സൈറ്റില്‍ കയറി ഇവര്‍ ഒരു വസ്ത്രം ഓര്‍ഡര്‍ ചെയ്തു. 1900 രൂപ പണമടച്ചാണ് ഇഷ്ടപ്പെട്ട വസ്ത്രം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ആ പണമടക്കം 32,246 രൂപ നഷ്ടപ്പെട്ടതായാണ് പരാതി.
ഫേസ്ബുക്കില്‍ കണ്ട ലിങ്കിലൂടെ വസ്ത്രം ഓര്‍ഡര്‍ ചെയ്‌തെങ്കിലും ദിവസങ്ങളായിട്ടും ഡ്രസ് എത്തിയില്ല. ഇതോടെ ഡെലിവറി ഡേറ്റ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം യുവതി വെബ്‌സൈറ്റില്‍ കണ്ട കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചെങ്കിലും ഓര്‍ഡര്‍ ചെയ്ത സാധനം അയച്ചുതരാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. എന്നാല്‍ യുവതി അടച്ച 1900 രൂപ തിരികെ നല്‍കാമെന്ന് കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് യുവതിയെ വിശ്വസിപ്പിച്ചു.
പിന്നീട് ഇവര്‍ അയച്ചുനല്‍കിയ ലിങ്കില്‍ കയറിയ യുവതി ഓണ്‍ലൈന്‍ കമ്പനി പറഞ്ഞതു പ്രകാരം പേര്, അഡ്രസ്, ഒ.ടി.പി എന്നിവ അയച്ചുകൊടുത്തതോടെയാണ് തട്ടിപ്പ് നടന്നത്. ഒടിപി നല്‍കിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പലതവണകളിലായി 30,346 രൂപയടക്കം 32,246 രൂപ നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് യുവതി താന്‍ പറ്റിക്കപ്പെട്ടന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.