സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോഴിക്കോട് ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ 37° C വരെയും, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്.
സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാൽ
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. സംസ്ഥാനത്ത് ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.