വാർത്താനോട്ടം

Advertisement

വാർത്താനോട്ടം

2024 ഏപ്രിൽ 04 വ്യാഴം

BREAKING NEWS

👉കോൺഗ്രസിൻ്റേത് അസ്ഥിത്വം പണയം വെയ്ക്കുന്ന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

👉ഗൗരവ് വല്ലഭ് കോൺഗ്രസ് വിട്ടു.

👉ടി ടി ഇ വിനോദിൻ്റെ മരണം: അന്വേഷണം തുടർന്ന് റെയിൽവേ പോലീസ് ; മന: പൂർവ്വം തള്ളിയിട്ടതെന്ന് റിമാൻ്റ് റിപ്പോർട്ട്

🌴കേരളീയം🌴

🙏 വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും, വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്നും ഒപ്പമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി. രാഷ്ട്രീയം പറയാതെ ഇടത് ഐക്യമുന്നണികളിലെ പ്രവര്‍ത്തകരെ കുടുംബാംഗങ്ങള്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു വയനാട്ടില്‍ എത്തിയ രാഹുലിന്റെ പ്രസംഗം.

🙏 കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ അര മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കന്‍ഡില്‍ 20 സെ.മീ നും 40 സെ.മീ നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മല്‍സ്യബന്ധന യാനങ്ങളുടേയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അറിയിപ്പില്‍ നിര്‍ദേശിക്കുന്നുണ്ട്.

🙏 തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി 17 വയസുകാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു, നാല് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു.

.

🙏 ടിടിഇ വിനോദിന് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍. മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിച്ചപ്പോള്‍ അവസാനമായി വിനോദിനെ ഒന്ന് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും നിരവധിപ്പേര്‍ വീട്ടിലേക്ക് എത്തിയിരുന്നു. അന്തിമോപചാരത്തിന് ശേഷം മൃതദേഹം ഏലൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

🙏 ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊന്ന കേസില്‍ പ്രതിയായ ഒഡീഷ സ്വദേശിയായ രജനികാന്തനെ തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.

🙏 കേരളത്തിന് ദ്രോഹമോ ദോഷമോ സംഭവിച്ചു എന്നു കേള്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ആനന്ദമാണെന്ന് തോമസ് ഐസക്. കേരളം ദ്രോഹിക്കപ്പെടുമ്പോള്‍ ഒരുതരം ക്രൂരമായ സംതൃപ്തിയാണ് അദ്ദേഹത്തിന്. അത്രയും പക അദ്ദേഹത്തിന് കേരളീയരോട് തോന്നാന്‍ എന്താണ് കാരണമെന്നും തോമസ് ഐസക് ചോദിച്ചു.

🙏 സുഗന്ധഗിരി മരംമുറി കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി. തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി ശരി വെച്ചു. വീടിന് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന 20 മരങ്ങള്‍ മുറിക്കാന്‍ കിട്ടിയ അനുമതിയുടെ മറവില്‍ കൂടുതല്‍ മരം മുറിച്ചു കടത്തിയെന്നാണ് കേസ്.

🙏 അരുണാചലില്‍ മരിച്ച മൂന്ന് മലയാളികളുടെ മരണത്തില്‍ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ പൊലീസ്. കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും, കേരള പോലീസുമായി സഹകരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നും അരുണാചല്‍ പ്രദേശ് എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

🙏 സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഉയര്‍ന്ന താപനില തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

🙏 ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഇരിങ്ങാലക്കുട മുര്‍ഖനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ യുവാക്കള്‍ സംഘം തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടയില്‍ കത്തിക്കുത്തേറ്റ അരിമ്പൂര്‍ സ്വദേശി ചുള്ളിപറമ്പില്‍ അക്ഷയ് (25) ആണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റ് നടത്തിയതെന്ന വാദവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍. മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജരിവാളിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

🙏 ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് ജയില്‍മോചിതനായി. ആഘോഷിക്കാനുള്ള സമയം ആയിട്ടില്ലെന്നും പോരാടാനുള്ള സമയമാണിതെന്നും ജയില്‍ പരിസത്ത് കാത്തുനിന്നിരുന്ന പ്രവര്‍ത്തകരോട് സഞ്ജയ് സിങ് പറഞ്ഞു.

🙏 മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ് രാജ്യസഭയില്‍നിന്ന് വിരമിച്ചു. 33 വര്‍ഷം നീണ്ട പാര്‍ലമെന്റ് ജീവിതത്തിനാണ് ഇതോടെ തിരശീല വീണത്.

🙏 മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട മുരുകന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ കൊളംബോയിലേക്ക് തിരിച്ചുപോയി. ആറുപേരെ 2022 നവംബറില്‍ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു. ജയില്‍ മോചിതരായ ശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പില്‍ നിന്ന് മൂന്ന് പേരെയും പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ രാവിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

🙏 തെലങ്കാനയിലെ സംഗറെഡ്ഡിയിലെ എസ്.ബി. ഓര്‍ഗാനിക്സ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. തീപ്പിടിത്തത്തെ തുടര്‍ന്ന് ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലാണ് അഞ്ചുപേര്‍ മരിച്ചതെന്നാണ് വിവരം.

🙏 കഴിഞ്ഞ നാലു വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യന്‍ റെയില്‍വേയുടെ അധികലാഭം 5800 കോടി രൂപ. മുതിര്‍ന്ന പൌരന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിച്ചതോടെയാണ് അധിക ലാഭം ലഭിച്ചത്. കൊവിഡ് കാലത്താണ് റെയില്‍വേ മന്ത്രാലയം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കുകളിലെ ഇളവുകള്‍ പിന്‍വലിച്ചത്.

🙏 ബോക്സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജേന്ദര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ദില്ലിയില്‍ കോണ്‍ഗ്രസിനായി മത്സരിച്ചെങ്കിലും ബിജെപിയുടെ രമേഷ് ബിധൂരിയോട് പരാജയപ്പെട്ടു.

🙏മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തയ്യല്‍ക്കടയിലുണ്ടായ
തീപ്പിടുത്തത്തില്‍ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു.
തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് കടക്ക് മുകളില്‍ താമസക്കാരായിരുന്ന ഏഴുപേരും മരിച്ചതെന്നാണ്
പൊലീസിന്റെ പ്രാഥമിക നിഗമനം.

🏏 കായികം ⚽

🙏 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ച് ഈസ്റ്റ് ബംഗാള്‍. ബ്ലാസ്റ്റേഴ്സ് നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചതാണെങ്കിലും താരതമ്യേന ദുര്‍ബലരായ ഈസ്റ്റ് ബംഗാളിനോടേറ്റ തോല്‍വി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് താങ്ങാനാവുന്നതിലപ്പുറമായിരുന്നു. രണ്ട് ചുവപ്പ് കാര്‍ഡ് മേടിച്ച ബ്ലാസ്റ്റേഴ്സ് ഒന്‍പത് പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.

🙏ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 106 റണ്‍സിന്റെ വമ്പന്‍ വിജയം.

🙏ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത 39 പന്തില്‍ 85 റണ്‍സെടുത്ത സുനില്‍ നരെയ്ന്റേയും 27 പന്തില്‍ 54 റണ്‍സെടുത്ത ആംഗ്കൃഷ് രഘുവന്‍ഷിയുടേയും 19 പന്തില്‍ 41 റണ്‍സെടുത്ത ആന്ദ്രേ റസ്സലിന്റേയും 8 പന്തില്‍ 26 റണ്‍സെടുത്ത റിങ്കു സിംഗിന്റേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു.

🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 17.2 ഓവറില്‍ 166 റണ്‍സിന് എല്ലാവരും പുറത്തായി.

Advertisement