പത്രികാസമർപ്പണം: ആവേശപൂർവ്വം സ്ഥാനാർത്ഥികൾ

Advertisement

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കെ സ്ഥാനാര്‍ത്ഥികള്‍ ആഘോഷമായി എത്തി പത്രികകള്‍ സമര്‍പ്പിച്ചു.

തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍, തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്, തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി, ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാല്‍, വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, ആലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. എം.ആരിഫ്, മാവേലിക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍, മലപ്പുറം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി.മുഹമ്മദ്‌ ബഷീര്‍, കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ.പ്രേമചന്ദ്രന്‍, പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ എന്നിവരാണ് ഇന്ന് പത്രിക നല്‍കിയത്.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി എസ്.ജയശങ്കറുമൊത്ത് വന്നാണ് പത്രിക സമര്‍പ്പിച്ചത്. റോഡ്‌ ഷോ നടത്തിയാണ് കളക്ടറേറ്റിലേക്ക് എത്തിയത്. റോഡ്‌ ഷോയില്‍ ചന്ദ്രശേഖറുടെ ഇരുഭാഗത്തുമായി നിന്നത് എസ്.ജയശങ്കറും മുന്‍ നയതന്ത്രഞ്ജന്‍ ടി.പി.ശ്രീനിവാസനായിരുന്നു. എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയര്‍മാനാണ് ടി.പി.ശ്രീനിവാസന്‍.

വടകരയില്‍ ഷാഫി പറമ്പിനൊപ്പം എത്തിയത് വടകര എംഎല്‍എ കെ.കെ.രമയും ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനുമായിരുന്നു. ഷാഫിയും അപ്പയും തമ്മില്‍ ആത്മബന്ധമുണ്ടായിരുന്നതിനാലാണ് താന്‍ എത്തിയതെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. ആലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം.ആരിഫിനൊപ്പം എത്തിയത് മന്ത്രി സജി ചെറിയാനും എം.എ.ബേബിയും ജി.സുധാകരനുമാണ്. ഇതേ സമയം ആലപ്പുഴ കളക്ടറേറ്റില്‍ പത്രിക നല്‍കാന്‍ എത്തിയ യുഡിഎഫിന്റെ കെ.സി.വേണുഗോപാല്‍ എം.എ.ബേബിയടക്കമുള്ളവരെ കണ്ടിട്ടാണ് മടങ്ങിയത്.

വയനാട്ടില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം റോഡ്‌ ഷോ നടത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ.സുരേന്ദ്രന്‍ കളക്ടറേറ്റില്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ.പ്രേമചന്ദ്രനൊപ്പം ഷിബു ബേബിജോണും കോണ്‍ഗ്രസിന്റെ പി.സി.വിഷ്ണുനാഥുമാണ് എത്തിയത്.

Advertisement