അരുണാചല്‍പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ദേവിയുടെ മൃതദേഹം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മൂന്നാംമൂട്ടിലെ വീട്ടിലും ആര്യയുടെ മൃതദേഹം വട്ടിയൂര്‍ക്കാവിലെ വീട്ടിലേക്കും കൊണ്ടുവന്നു. നവീന്റെ മൃതദേഹം കോട്ടയത്തേക്കും കൊണ്ടുപോയി.
അതേസമയം, സംഭവത്തില്‍ ബ്ലാക്ക് മാജിക് കേന്ദ്രങ്ങളുണ്ടോ എന്ന് പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ആത്മഹത്യ ചെയ്ത സിറോ എന്ന സ്ഥലത്തിന് സമീപം ബ്ലാക്ക് മാജിക് കണ്‍വെന്‍ഷനുകള്‍ നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ മരിച്ച മൂന്ന് പേരുടെയും ഇ-മെയില്‍ ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയതായി തിരുവനന്തപുരം ഡിസിപി നിധിന്‍ രാജ് വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സിറോ താഴ്വര. ആത്മഹത്യ ചെയ്യാന്‍ എന്തുകൊണ്ട് സിറോ തെരഞ്ഞെടുത്തെന്ന ചോദ്യത്തിനുത്തരമാണ് പൊലീസ് അന്വേഷിക്കുന്നത്. സിറോയ്ക്ക് സമീപം ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട ഘടകങ്ങളുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ഇതിനായി ലോവര്‍ സുബാന്‍സിരി എസ്പി കെനി ബഗ്രയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെ അരുണാചലില്‍ രൂപീകരിച്ചിട്ടുണ്ട്.
ഇതിനിടെ നവീന്‍, ദേവി, ആര്യ എന്നിവര്‍ മരിച്ചുകിടന്ന മുറിയില്‍ നിന്നും പ്ലേറ്റില്‍ മുടി കണ്ടെത്തി. ഇതിന് ബ്ലാക്ക് മാജിക്കുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്തെങ്കിലും വിശ്വാസത്തിന്റെയോ മൂവരും വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെയോ പ്രേരണ മരണത്തിന് പിന്നില്‍ ഉണ്ടായേക്കാമെന്ന് തിരുവനന്തപുരം ഡിസിപി നിധിന്‍ രാജ് പറഞ്ഞു.