വയനാട്.സുപ്രിം കോടതിയുടെ ശാസനയ്ക്ക് പിന്നാലെ അദ്ധ്യാപകരെ നിയമിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. കോടതി അലക്ഷ്യ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തിൽ ഉള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതി ഉത്തരവ് 10ാം തീയതിക്കുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അയക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
അദ്ധ്യാപക നിയമന വിഷയത്തിൽ ഇതുവരെ ഇല്ലാത്ത വേഗതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാട്ടിയത്. വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തിൽ ഉള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സുപ്രീം കോടതി ഇന്നലെ മുന്നറിയിപ്പ് നല്കിയിരുന്നു. അഭിഭാഷകന്‍ ദിലീപ് പോളക്കാടുവഴി ആയിരുന്നു ഉദ്യോഗാർത്ഥികളുടെ കോടതി അലക്ഷ്യ ഹർജ്ജി. ഉത്തരവ് 10ാം തീയതിക്കുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അയക്കുമെന്നായിരുന്നു സുപ്രീം കോടതി യുടെ നിലപാട്.
അവിനാശ് പി., റാലി പി.ആര്‍., ജോണ്‍സണ്‍ ഇ.വി., ഷീമ എം. എന്നിവർക്ക് വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപികമാരായി നിയമനം നല്കിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.