സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പാര്‍ട്ടിയുടെ ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. ഇന്നലെ ബാങ്കില്‍ പരിശോധന നടന്നതിന് പിന്നാലെയാണ് നടപടി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിക്ക് സമീപത്തായുള്ള തൃശൂരിലെ ബാങ്ക് ഒഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ സിപിഎം ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ട് ഉണ്ട്. 1998ല്‍ തുടങ്ങിയ ഈ അക്കൗണ്ടില്‍ അഞ്ചുകോടി പത്ത് ലക്ഷം രൂപയാണുള്ളത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഈ അക്കൗണ്ടില്‍ നിന്ന് ഒരുകോടി രൂപ പിന്‍വലിച്ചിരുന്നു. ഇക്കാര്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് ആദായനികുതി വകുപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചതെന്നാണ് വിവരം. സിപിഎം നല്‍കിയ ആദായനികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിന് പുറമെ ഇടപാടുകളും ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ഇതുസംബന്ധിച്ച് ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച ഒരുകോടി രൂപ ചെലവഴിക്കരുതെന്നും സിപിഎം ജില്ലാ കമ്മിറ്റിക്ക് ആദായനികുതി വകുപ്പ് നിര്‍ദേശം നല്‍കി.