ഐസിയു പീഡനക്കേസ് ഇരയ്ക്കുള്ള പിന്തുണ; ഒടുവിൽ പി ബി അനിതക്ക് കോഴിക്കോട് തന്നെ നിയമനം

Advertisement

കോഴിക്കോട്:
പ്രതിഷേധങ്ങൾക്കൊടുവിൽ നഴ്‌സിംഗ് ഓഫിസർ പി ബി അനിതക്ക് നിയമനം നൽകാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ഇവർക്ക് നിയമനം നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ വെച്ച് രോഗി പീഡിപ്പിക്കപ്പെട്ട കേസിൽ അതിജീവിതയെ പിന്തുണച്ച് നിർണ്ണായക മൊഴി നൽകിയ അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

സ്ഥലം മാറ്റത്തിനെതിരെ അനിത കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും ജോലിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ അധികൃതർ ഉറച്ച് നിൽക്കുകയായിരുന്നു.

തുടർന്ന് അനിത മെഡിക്കൽ കോളജിന് മുന്നിൽ സമരം നടത്തുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് നിയമനം നൽകാൻ സർക്കാർ തീരുമാനം. കോടതി വിധി പരിശോധിക്കാനുള്ള കാലതാമസം മാത്രമായിരുന്നു അനിതയുടെ നിയമനം വൈകാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം