കണ്ണൂർ. പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന സിപിഐഎം വാദം പൊളിയുന്നു. സ്ഫോടനത്തിൽ മരിച്ച ഷെറിൻ്റെ വീട്ടിൽ സിപിഐഎം പ്രാദേശിക നേതാക്കൾ സന്ദർശനം നടത്തി. കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനൻ സംസ്കാര ചടങ്ങുകളിലും പങ്കെടുത്തു. ബോംബ് നിർമ്മിച്ചവരുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിക്കുന്നതിനിടെയാണ് നേതാക്കളുടെ സന്ദർശനം. അതേസമയം പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പോലീസ്, വ്യാപക റെയ്ഡ് തുടരുകയാണ്.
പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടയുണ്ടായ സ്ഫോടനത്തിലാണ് കൈവേലിക്കൽ സ്വദേശി ഷെറിൻ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷ് ചികിത്സയിൽ തുടരുന്നു. ബോംബ് നിർമാണത്തിൽ പങ്കാളിത്തമുള്ള നാലുപേർ അറസ്റ്റിലുമായി. പാർട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് സിപിഐഎം പ്രാദേശിക ഘടകം മുതൽ സംസ്ഥാന നേതൃത്വം വരെ സ്വീകരിച്ച നിലപാട്. പാനൂർ ഏരിയ കമ്മിറ്റി ഇറക്കിയ വിശദീകരണക്കുറിപ്പിൽ വിനീഷും ഷെറിനും പാർട്ടി പ്രവർത്തകരെ അടക്കം ആക്രമിച്ച കേസിൽ പ്രതികൾ ആണെന്നും പരാമർശിച്ചിരുന്നു. എന്നാൽ സംസ്കാര ചടങ്ങിന് തൊട്ടുമുൻപ് സിപിഐഎം പ്രാദേശിക നേതാക്കൾ ഷെറിന്റെ വീട്ടിലെത്തി.
സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാർ, ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് മരിച്ച ഷെറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചത്. കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനൻ സംസ്കാര ചടങ്ങുകളിലും പങ്കെടുത്തു. സന്ദർശനത്തെക്കുറിച്ച് അറിയില്ലെന്നും പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
പാർട്ടിക്ക് ബന്ധമില്ലെങ്കിൽ കൊല്ലപ്പെട്ടയാളുടെ വീട്ടിൽ പ്രാദേശിക നേതാക്കൾ എന്തിനു പോയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
പാർട്ടിയുടെ ഔദ്യോഗിക വാദം പൊളിക്കുന്നതാണ് നേതാക്കളുടെ സന്ദർശനം. അതേസമയം പാനൂർ കൂത്തുപറമ്പ് കൊളവല്ലൂർ എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലയിലും പോലീസിന്റെ വ്യാപക പരിശോധന തുടരുകയാണ്. പോലീസിനൊപ്പം കേന്ദ്രസേനയും ബോംബ് സ്ക്വാഡും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.