ഇടതു സർക്കാരാണോ അതോ എൻഡിഎ സർക്കാരാണോ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് ഡി കെ ശിവകുമാര്‍

Advertisement


തൃശൂര്‍. ഇടതു സർക്കാരാണോ അതോ എൻഡിഎ സർക്കാരാണോ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ദേശീയ നേതാക്കളെ കളത്തിൽ ഇറക്കി പ്രചാരണം കൊഴുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കെ മുരളീധരന് വേണ്ടി ഡി കെ ശിവകുമാർ പ്രചാരണത്തിനിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡി കെ ശിവകുമാർ ആഞ്ഞടിച്ചു. ഒല്ലൂരിലെ പൊതുസമ്മേളന വേദിയിലെ കൊടിതോരണങ്ങൾ തെരഞ്ഞെടുപ്പ് നിരീക്ഷകർ അഴിച്ചുമാറ്റിയത് പ്രവർത്തകർ തടഞ്ഞു.

പ്രധാനമന്ത്രിയെ തന്നെ തൃശ്ശൂരിലേക്കെത്തിക്കാൻ ബിജെപി ഒരുങ്ങുന്നതിനിടയിലാണ് സ്റ്റാർ പ്രചാരകനായ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കളത്തിലിറക്കിയുള്ള കോൺഗ്രസ് പ്രചാരണം.

താരപ്രചാരകന്റെ വരവിൽ കോൺഗ്രസ് പ്രവർത്തകരും ഇളകി മറിഞ്ഞു.പിന്നാലെ പൊതുസമ്മേളന വേദിയിൽ മുഖ്യമന്ത്രിക്കെതിരെ ഡി കെ ശിവകുമാർ ആഞ്ഞടിച്ചു. മറ്റു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ വരെ ഇഡി വേട്ടയാടുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും തൊടുന്നില്ല എന്നായിരുന്നു വിമർശനം.

കർണാടകത്തിൽ ബിജെപിക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് ജെഡിഎസ്. കേരളത്തിൽ ഇടതുമുന്നണിക്കൊപ്പവും. ഇടതു സർക്കാരാണോ അതോ എൻഡിഎ സർക്കാരാണോ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഡി കെ ശിവകുമാറിൻ്റെ വെല്ലുവിളി.

അതിനിടെ ഡികെ ശിവകുമാറിന്റെ പരിപാടിയോടനുബന്ധിച്ച് കെട്ടിയ കൊടിതോരണങ്ങൾ തെരഞ്ഞെടുപ്പ് നിരീക്ഷകർ അഴിച്ചുമാറ്റാൻ ശ്രമിച്ചത് തർക്കങ്ങൾക്കിടയാക്കി. നിരീക്ഷകർ അഴിച്ചുമാറ്റിയ കൊടി തോരണങ്ങൾ പ്രവർത്തകർ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു. പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് നീക്കം ചെയ്യാനുള്ള നടപടി ഉപേക്ഷിച്ചു.

Advertisement