ഇടുക്കി. വിവാദ സിനിമ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതി ആയിരുന്നു പ്രദർശനം.
ഇടുക്കി രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികളുടെ മുന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറയുന്നത്.
പെൺകുട്ടികളെ പ്രണയക്കുരുക്കിൽ പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ട്. അതിൽ വർഗീയത കലർത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നാണ് ഇടുക്കി രൂപതയുടെ നിലപാട്.
പ്രതിഷേധങ്ങള്‍ക്കിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസമാണ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു.