എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അരക്കോടി രൂപ കവർന്ന സംഭവത്തിൽ നിർണായക വിവരം പോലീസിന് ലഭിച്ചതായി സൂചന. കഴിഞ്ഞമാസം 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാസർഗോഡ് ഉപ്പള ടൗണിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് തകർത്ത് അരക്കോടി രൂപ കവർന്നത്. സംഘത്തിന് കാസർകോട്ടും കണ്ണികൾ ഉണ്ടെന്ന സൂചന ആണ് പോലീസിന് ലഭിച്ചത്. കവർച്ച സംഘത്തെ രക്ഷപ്പെടാൻ സഹായിച്ചവരിൽ കാസർകോട് സ്വദേശിയുമുണ്ടെന്ന നിർണായക വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. തമിഴ്‌നാട്ടിൽനിന്നുള്ള മൂന്നംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.
കവർച്ചയ്ക്കുശേഷം വൈകീട്ട് കാസർകോട് നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രയിനിലാണ് സംഘം കടന്നുകളഞ്ഞതെന്നും ഇതിനായി ടിക്കറ്റെടുത്തുനൽകിയത് ചെറുവത്തൂർ സ്വദേശിയാണെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്. ഉപ്പളയിലെ മോഷണത്തിന്റെ തൊട്ടടുത്തദിവസം ബെംഗളൂരുവിൽ സമാനരീതിയിൽ ലാപ്ടോപ്പ് മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്.
ഇതിനുപിന്നാലെ തമിഴ്നാട്ടിലും ബെംഗളൂരുവിലുമായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് കേന്ദ്രീകരിച്ച് ഇത്തരത്തിൽ കവർച്ചനടത്തുന്ന സംഘങ്ങളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ ഒരാൾ ബാഗുമായി കടന്നുകളയുന്ന ദൃശ്യം ലഭിച്ചിരുന്നു. കൂടുതൽ പരിശോധനയിൽ ബാഗുമായി കടന്നയാൾക്കൊപ്പം മറ്റു രണ്ടുപേരും മംഗളൂരുഭാഗത്തുനിന്ന് ബസിൽ വന്നിറങ്ങുന്നതും കവർച്ചയ്ക്കുശേഷം ഉപ്പളയിൽനിന്ന് ഓട്ടോയിൽ കയറി കുമ്പള ഭാഗത്തേക്ക് പോകുന്നതുമായ ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ സംഘം കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസിൽ കയറി രക്ഷപെടുകയായിരുന്നു.