മലയാളി നഴ്സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്

Advertisement

കൊച്ചി.ഭോപ്പാലില്‍ മരിച്ച മലയാളി നഴ്സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്.എറണാകുളം പെരുമ്ബടപ്പ് സ്വദേശിനി ടി.എം.മായ(37) ആണ് മരിച്ചത്.ഉത്തര്‍പ്രദേശ് സ്വദേശിയായ ദീപക് കത്തിയാര്‍ ആണ് പ്രതി.ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.

പ്രതിക്ക് നഴ്‌സായ മായയുമായി 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് പറയുന്നു.

എന്നാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് മൃതദേഹം ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ദീപക് നാടുവിടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

ആദ്യം ഭോപ്പാലില്‍ ഭര്‍ത്താവ് രാജുവിനൊപ്പമായിരുന്നു മായയുടെ താമസം.എന്നാല്‍ നാട്ടില്‍ ആളില്ലെന്ന് പറഞ്ഞ് രാജുവിനെ ഇടയ്ക്ക് മായ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.പിന്നീട് 11വയസുകാരനായ മകനൊപ്പം വാടക അപ്പാര്‍ട്ട്‌മെന്റിലാണ് മായ കഴിഞ്ഞിരുന്നത്.വ്യാഴാഴ്ച രാവിലെയാണ് വാഹനാപകടത്തില്‍ അമ്മ മരിച്ചെന്ന വിവരം മകന്‍ രാജുവിനെ വിളിച്ചറിയിച്ചത്.

അന്നുവൈകിട്ട് വിമാനമാര്‍ഗം രാജു ഭോപ്പാലില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. സംഭവദിവസം മായ ദീപക്കിന്റെ ഫ്‌ലാറ്റില്‍ പോയിരുന്നു. ഇവിടെവച്ച് മായ കുഴഞ്ഞുവീണെന്നും പറഞ്ഞാണ് ദീപക് ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിലും മറ്റും പാടുകള്‍കണ്ട് സംശയം തോന്നിയ ഡോക്ടര്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു.