യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച,ഇരുപതോളം മലയാളി യാത്രക്കാരുടെ ആഭരണങ്ങളും പണവും ഫോണുകളും പോയി

Advertisement

സേലം: യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച. ഇരുപതോളം മലയാളി യാത്രക്കാരുടെ ആഭരണങ്ങളും പണവും ഫോണുകളും ഉള്‍പ്പടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് മോഷ്ടാക്കള്‍ കൈക്കലാക്കിയത്.

എസി കോച്ചുകളില്‍ സേലത്തിനും ധര്‍മ്മപുരിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്.

വിലപിടിച്ച വസ്തുക്കള്‍ കവര്‍ന്നശേഷം യാത്രക്കാരുടെ ബാഗുകള്‍ ടോയ്ലറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. ടാേയ്ലറ്റില്‍ പോയ ചില യാത്രക്കാര്‍ വേസ്റ്റ് ബിന്നില്‍ ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. യാത്രക്കാര്‍ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് കവര്‍ച്ച നടന്നത്. അതിനാല്‍ ആരുംതന്നെ മോഷ്ടാക്കളെ കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചിലരുടെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന പണംവരെ കവര്‍ന്നിട്ടുണ്ട്.

സേലം കേന്ദ്രീകരിച്ചുള്ള കവര്‍ച്ചാസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് റെയില്‍വേ പൊലീസ് സംശയിക്കുന്നത്. മോഷ്ടിക്കപ്പെട്ട ഐ ഫോണ്‍ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് പുറപ്പെട്ടവരാണ് മോഷണത്തിനിരയായവരില്‍ കൂടുതല്‍. അവധിയായതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാവുമെന്ന് മനസിലാക്കിയായിരിക്കാം മോഷ്ടാക്കള്‍ എത്തിയതെന്നാണ് കരുതുന്നത്.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, സേലം പ്രദേശങ്ങളിലെ തിരുട്ടുഗ്രാമം കേന്ദ്രീകരിച്ച് വന്‍ മോഷണ സംഘങ്ങളാണ് വിലസുന്നത്. ഇവിടെനിന്നുള്ള ചിലര്‍ കേരളത്തില്‍ സംഘംചേര്‍ന്ന് മോഷണം നടത്തുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കായികശേഷിയുള്ളവരാണ് മോഷ്ടാക്കള്‍. അടിവസ്ത്രവും മുഖംമൂടിയും മാത്രം ധരിച്ചാണ് സംഘത്തിന്റെ വരവ്. മോഷണശ്രമം എതിര്‍ക്കുന്നവരെ ആയുധം ഉപയോഗിച്ച് ആക്രമിക്കും. ഒരേ ദിവസം പ്രദേശത്തെ നിരവധി വീടുകളില്‍ കയറുന്നതാണ് സംഘത്തിന്റെ രീതി. പകല്‍ സമയം വില്‍പ്പനക്കാരായും ആക്രിപെറുക്കുകാരായും എത്തുന്ന ഇവര്‍ രാത്രിയിലാണ് മോഷണത്തിനെത്തുന്നത്.

Advertisement