ദ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ തലശ്ശേരി അതിരൂപതയും  താമരശ്ശേരി രൂപതയും

Advertisement

കോഴിക്കോട്. ഇടുക്കി രൂപതയ്ക്ക് പിറകെ വിവാദ ചിത്രമായ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ തലശ്ശേരി അതിരൂപതയും  താമരശ്ശേരി രൂപതയും. ലൗ ജിഹാദും തീവ്രവാദത്തിലേക്കുള്ള റിക്രൂട്ട്മെൻ്റും യാഥാർത്ഥ്യമെന്നും ഇതിനെതിരെ അവബോധം സൃഷ്ടിക്കുകയാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിന്നതെന്നും സഭാ നേതൃത്വത്തിൻ്റെ വിശദീകരണം. അതേസമയം,  സിനിമ  പ്രദർശനം വഴി പച്ച നുണയാണ് പ്രചരിപ്പിക്കുന്നതെന്നും ആർഎസ്എസ് അജണ്ടയാണ് സിനിമയെന്നും മുഖ്യമന്ത്രി  വിമർശിച്ചു

ദ കേരള സ്റ്റോറി പ്രദർശനുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുമ്പോഴും പ്രദർശനവുമായി മുന്നോട്ടു പോകുകയാണ് സഭാ നേതൃത്വം. നവ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനൊപ്പം വിപുലമായ രീതിയിൽ പ്രദർശിപ്പിക്കാനാണ് തീരുമാനം.   ചിത്രം പ്രദർശിപ്പിക്കുന്നതിൽ അപാകതയില്ലെന്നും സങ്കുചിത ചിന്താഗതിക്കാരാണ് സിനിമയെ എതിർക്കുന്നത് എന്നും താമരശ്ശേരി രൂപത പ്രതികരിച്ചു. സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ ചർച്ച ആകാതിരിക്കാനാണ് വിവാദം ഉയർത്തുന്നത് എന്നും കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് ഡോ. ചാക്കോ കാളംപറമ്പിൽ പറഞ്ഞു.

  ചിത്രത്തിനെതിരെ വിമർശനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാഗത്തെ ഉപയോഗിച്ച് മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചു വിടുന്ന
ആർഎസ്എസിൻ്റെ കെണിയാണിതെന്നും സിനിമയ്ക്ക് കൂടുതൽ പ്രചാരണം കൊടുക്കുന്നതിന് പിന്നിൽ പ്രത്യേക ഉദ്ദേശം ഉണ്ടെന്നും  മുഖ്യമന്ത്രി  പറഞ്ഞു. പ്രദർശനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു.

Advertisement