പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ (66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം ഗാന്ധിമതി ബാലന്റെ നിര്‍മാണത്തിലൊരുങ്ങിയ ചിത്രമായിരുന്നു. ബാലചന്ദ്ര മേനോന്‍, ജെ. ശശികുമാര്‍, വേണു നാഗവല്ലി, പത്മരാജന്‍, ജോഷി ചിത്രങ്ങള്‍ക്ക് ബാലന്‍ നിര്‍മാതാവായിട്ടുണ്ട്. മുപ്പതോളം സിനിമകളുടെ നിര്‍മാണവും വിതരണവും നിര്‍വഹിച്ചു.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന സിനിമയിലൂടെ നിര്‍മാണരംഗത്ത് എത്തിയ ഗാന്ധിമതി ബാലന്‍ പിന്നീട് ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇരകള്‍, പത്താമുദയം തുടങ്ങി മുപ്പതിലേറെ സിനിമകളുടെ നിര്‍മാണവും വിതരണവും നിര്‍വഹിച്ചു.
സ്ഫടികം, കിലുക്കം എന്നിവയുടെ നിര്‍മാണച്ചുമതലയ്ക്കു നേതൃത്വം നല്‍കിയ അദ്ദേഹം തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റര്‍ ഉടമ കൂടിയായിരുന്നു. ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നല്‍കിയ പേരായിരുന്നു ഗാന്ധിമതി എന്നത്. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നില്‍ ചേര്‍ത്തായിരുന്നു ബാലന്‍ തന്റെ പ്രവൃത്തിമണ്ഡലം വിപുലീകരിച്ചത്.
മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ബാലന്‍ അമ്മ ഷോ എന്ന പേരില്‍ നിരവധി താരനിശകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2015ല്‍ കേരളത്തില്‍ ദേശീയ ഗെയിംസിന്റെ ഗെയിംസ് ചീഫ് ഓര്‍ഗനൈസറായിരുന്നു.