പാനൂർ ബോംബ്, സി പി എം സംസ്ഥാന സെക്രട്ടറിയുടെ രക്ഷാപ്രവർത്തന വാദം പൊളിച്ച് റിമാൻഡ് റിപ്പോർട്ട്

Advertisement

കണ്ണൂർ. പാനൂർ ബോംബ് സ്ഫോടന കേസിൽ സി പി ഐ എമ്മിനെ പ്രതിരോധത്തിലാക്കി  റിമാൻഡ് റിപ്പോർട്ട്. പ്രതികൾ ബോംബ് നിർമ്മിച്ചത്  രാഷട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു തെളിവ് നശിപ്പിച്ചതായും പരാമർശമുണ്ട്. ബോംബ് നിർമ്മാണം സി പി ഐ എം നേതൃത്വത്തിൻ്റെ അറിവോടെയെന്നും, സമഗ്ര അന്വേക്ഷണം വേണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.


സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ രക്ഷാപ്രവർത്തന വാദത്തെ റിമാൻഡ് റിപ്പോർട്ട് നിരാകരിക്കുന്നു.   ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു ബോംബുകൾ ഒളിപ്പിക്കുകയും സ്ഫോടനം നടന്ന സ്ഥലത്തെ തെളിവുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ ബോംബ് നിർമ്മിച്ചത് രാഷട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് രാഷ്ട്രീയ സംഘർഷത്തിന് വഴിവച്ചേക്കാമെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ആറ്,ഏഴ് പ്രതികളായ സി സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പ്രതികളുടെ രാഷട്രീയ ലക്ഷ്യം പരാമർശിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ യു ഡി എഫ് പ്രവർത്തകരെ ഭയപ്പെടുത്താനാണ് ബോംബ് നിർമ്മിച്ചതെന്നും, സിപിഐഎം നേതൃത്വത്തിന് വ്യക്തമായ അറിവുണ്ടെന്നും കെ സുധാകരന്റെ ആരോപണം.


പ്രതികൾക്ക് കൂടുതൽ പേരുടെ സഹായം ലഭ്യമായിട്ടുണ്ടന്നാണ് പോലീസ് കണ്ടെത്തൽ.