അത്താണി ബോയ്‌സെന്ന ഗുണ്ടാസംഘത്തിലെ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍

Bad things happen in life.
Advertisement

അങ്കമാലി കുറുമശേരിയില്‍ ഗുണ്ടാനേതാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍. തിമ്മന്‍ എന്ന് വിളിക്കുന്ന നിധിന്‍, ദീപക് എന്നിവരാണ് പിടിയിലായത്.
അത്താണിയിലെ ഗുണ്ടാനേതാവ് ബിനോയിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം.
പുലര്‍ച്ചെ രണ്ട് മണിയോടെ കുറുമശേരി ജംക്ഷന് സമീപത്തെ ആശുപത്രിക്ക് മുന്നിലാണ് വിനുവിനെ ഒരുസംഘം ആക്രമിച്ചത്. 2019 നവംബറില്‍ ഗുണ്ടാനേതാവ് ഗില്ലാപി ബിനോയിയെ കൊലപ്പെടുത്തിയതിന് സമാനമായിരുന്നു ആക്രമണം. വിനുവിന്റെ തലയിലടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെട്ടേറ്റു. ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് വിനു മരിച്ചത്. രാത്രി ഇടകൊച്ചിയിലെ ബാറില്‍ വിനുവും സംഘവും മദ്യപിക്കാനെത്തിയിരുന്നു. ഇതിനിടയില്‍ തര്‍ക്കങ്ങളുണ്ടായി. പിന്നാലെ ബാറില്‍ നിന്ന് വിനുവിനെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി. ഇതിന് ശേഷമായിരുന്നു കൊലപാതകം.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട വിനു വിക്രമന്‍. 2019ല്‍ കൊല്ലപ്പെട്ട ബിനോയി രൂപീകരിച്ച അത്താണി ബോയ്‌സെന്ന ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു വിനു. ഗുണ്ടാപിരിവുമായി ബന്ധപ്പെട്ട് സംഘാംഗങ്ങള്‍ക്കിടയില്‍ ഉടലെടുത്ത തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് വിനുവും കൂട്ടാളികളും ബിനോയിയെ നടുറോഡിലിട്ട് മൃഗീയമായി വെട്ടികൊലപ്പെടുത്തിയത്.
ഇതിന് ശേഷം വിനുവിന്റെ നേതൃത്വത്തിലായിരുന്നു അത്താണി ബോയ്‌സിന്റെ പ്രവര്‍ത്തനം. ബിനോയിയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണോ വിനുവിന്റെ കൊലപാതകമെന്നും പൊലീസ് സംശയിക്കുന്നു.

Advertisement