വാർത്താനോട്ടം

Advertisement

2024 ഏപ്രിൽ 13 ശനി
BREAKING NEWS

👉തൃശൂർ പൂരം: ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈക്കോടതി

👉അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം

👉തൃശൂർ പൂരത്തിന് പ്രതിസന്ധിയായി വനംവകുപ്പിൻ്റെ സർക്കുലർ

👉 വനം വകുപ്പ് സർക്കുലർ: ആന ഉടമകളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് തൃശൂരിൽ

👉കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കിണറ്റിൽ വീണ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

👉 കോഴിക്കോട് ചെറുവണ്ണൂരിൽ സ്വിഫ്റ്റ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.


👉 സി പി എം മുൻ സംസ്ഥാന കമ്മിറ്റിയഗം കെ.വി.രാമകൃഷ്ണൻ അന്തരിച്ചു.

👉സുരേഷ് ഗോപി പ്രകീർത്തനത്തിൽ കുടുങ്ങി തൃശൂർ മേയർ എം കെ വർഗ്ഗീസ്.



🌴കേരളീയം🌴

🙏 വെറുപ്പിന്റെ പ്രചാരകര്‍ നാടിനെതിരെ നുണക്കഥകള്‍ ചമയ്ക്കുമ്പോള്‍ മാനവികതയുടേയും മനുഷ്യസ്നേഹത്തിന്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയര്‍ത്തുകയാണ് മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മുഴുവന്‍ തുകയും സമാഹരിച്ചതില്‍ പ്രശംസയുമായെതിതിയതാണ് മുഖ്യമന്ത്രി.

🙏 തോമസ് ഐസക്കിന് എതിരായ ഇ ഡിയുടെ അപ്പീല്‍ ഹര്‍ജിയില്‍ കോടതിയുടെ അടിയന്തിര ഇടപെടലില്ല. തെരഞ്ഞെടുപ്പിന് ശേഷം മസാല ബോണ്ട് കേസ്  അപ്പീലില്‍ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം മാത്രം തോമസ് ഐസകിനെ ചോദ്യം ചെയ്താല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഇഡി യുടെ ആവശ്യം.

🙏 ഏപ്രില്‍ 15ന് കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍.  സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവ താത്കാലികമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി.

🙏 സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് തൃശ്ശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. വികസനത്തിന് സാമ്പത്തികം ആരുതന്നാലും സ്വീകരിക്കുമെന്നും താനെപ്പോഴും എല്‍ഡിഎഫിന് ഒപ്പമാണെന്നും ഇടതുപക്ഷത്തിന് ദോഷമായിട്ട് ഒന്നും ചെയ്യില്ലെന്നും എംകെ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

🙏 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കള്‍. പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കുന്നത് എന്തിനെന്ന തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞെതെന്ന് മന്ത്രി ജിആര്‍ അനില്‍ കുറ്റപ്പെടുത്തി. ശശി തരൂര്‍ ആര്‍എസ്എസ് മനസ്സുള്ള കോണ്‍ഗ്രസുകാരനാണെന്നും വാക്കുകളിലും പ്രവര്‍ത്തിയിലും അത് പ്രകടമാണെന്നും ജിആര്‍ അനില്‍ കുറ്റപ്പെടുത്തി.

🙏 മാസപ്പടി കേസിലെ ഇഡി സമന്‍സിനെതിരെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ഹൈക്കോടതിയില്‍. ഇഡി സമന്‍സിലെ തുടര്‍നടപടി തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

🙏 പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയവരെല്ലാം ഇന്ന് കോളേജില്‍ ഹാജരാകണമെന്ന് സി ബി ഐ. സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘത്തിലെ ഫൊറന്‍സിക് സംഘമടക്കം മുഴുവന്‍ പേരും ഇന്ന്
വയനാട്ടിലെത്തും.

🙏 ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടിയിലും പാറമേക്കാവിലും തുടങ്ങി ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശക്കൊടുമുടിയിലാകും. 17 നാണ് സാമ്പിള്‍ വെടിക്കെട്ട്. 19 നാണ് തൃശൂര്‍ പൂരം.


🙏 കൊടും ചൂടിന് ആശ്വാസമായി കേരളത്തില്‍ വേനല്‍ മഴ. ഇന്നലെ മെച്ചപ്പെട്ട മഴ ലഭിച്ച കേരളത്തിന് ഇന്നും അടുത്ത ദിവസങ്ങളിലും കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്നാണ്  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഈ മാസം 15 -ാം തിയതിവരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴ ലഭിക്കുമെന്ന് ഉറപ്പാണ്.

🇳🇪    ദേശീയം  🇳🇪

🙏 രാജ്യത്തിന്റെ ഭരണഘടനയാണ് ബി.ജെ.പിയ്ക്ക് എല്ലാമെന്നും അംബേദ്ക്കര്‍ക്ക് പോലും ഭരണഘടനയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ കോണ്‍ഗ്രസാണ് ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും മോദി പറഞ്ഞു.

🙏 സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ പകര്‍ന്നുതന്ന ആശയങ്ങളും മോദിയും ആര്‍.എസ്.എസും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആശയങ്ങളും തമ്മിലുള്ള സംഘട്ടനമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇനിയും തിരഞ്ഞെടുക്കപ്പെട്ടാല്‍ മോദിസര്‍ക്കാര്‍ ഇന്ത്യയുടെ ഭരണഘടനതന്നെ മാറ്റിക്കളയുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

🙏 മുസ്ലീം ലീഗാണ്  ഇന്ത്യ-പാക് വിഭജനത്തിന് കാരണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീഗിന്റെ സ്റ്റാമ്പ് ഉണ്ടെന്നും മോദി പറഞ്ഞു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.


🙏 വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സമാഹരിച്ചു. 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും. 2006 ലാണ് അബ്ദുള്‍ റഹീമിന്റെ മനഃപ്പൂര്‍വ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരന്‍ മരിച്ചത്.

🇦🇽  അന്തർദേശീയം  🇦🇺
🙏 സിറിയയിലെ നയതന്ത്രകാര്യാലയ ആക്രമണത്തിന് പ്രതികാരമായി 48 മണിക്കൂറിനുള്ളില്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കേ, ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും തങ്ങള്‍ തയ്യാറാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്.



🙏 ഇറാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചേക്കുമെന്ന ഭീഷണി നിലനില്‍ക്കേ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് യു.എസ്. ഇറാന് ജയിക്കാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍
അക്രമവുമായി മുന്നോട്ട് പോകരുതെന്ന് ഇറാന് താക്കീത് നല്‍കി.

🙏 ഇന്ത്യക്കാരായ ജീവനക്കാരെ കോണ്‍സുലേറ്റില്‍ നിന്നും പിരിച്ച് വിട്ട് കാനഡ. ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ നേരത്തെ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം തിരികെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യക്കാരായ നിരവധി ജീവനക്കാരെ കാനഡ പിരിച്ചുവിട്ടത്.



🙏 ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ മികച്ച പുരോഗതി കൈവരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്സ്. നയതന്ത്രതലത്തിലും സൈനികതലത്തിലും ഇന്ത്യയും ചൈനയും തമ്മില്‍ അടുത്ത ആശയവിനിമയം തുടരുകയാണെന്നും ഇത് മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

🙏 ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന് സാധ്യതയേറിയ സാഹചര്യത്തില്‍ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണം. ഈ രണ്ട് രാജ്യങ്ങളിലും  താമസിക്കുന്നവര്‍  എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം.



⚽  കായികം🏏

🙏 2024 പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനം ഒഴിഞ്ഞ് ബോക്‌സിങ് ഇതിഹാസം മേരി കോം. തന്നെ ഷെഫ് ഡി മിഷന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മേരി കോം തനിക്ക് കത്തെഴുതിയതായി പി ടി ഉഷ വെളിപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ്
നേതൃസ്ഥാനം  ഒഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

🙏 ഐഎസ്എല്ലില്‍ ദുര്‍ബലരായ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. അവസാനം കളിച്ച ആറു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണിത്.



🙏 ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗവിന് 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 20 റണ്‍സ് മാത്രം നല്‍കി 3 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 167ല്‍ ഒതുക്കിയത്.