നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിലാണ് നടിയുടെ സമൂഹമാധ്യമത്തിലൂടെയുള്ള പ്രതികരണം. മൗലിക അവകാശമായ സ്വകാര്യത നിഷേധിക്കപ്പെട്ടുവെന്നും ഇരയാക്കപ്പെട്ട വ്യക്തിക്ക് കരുത്തുപകരേണ്ട കോടതിയില്‍ ദുരനുഭവം നേരിട്ടെന്നും അവര്‍ വ്യക്തമാക്കി .
‘ഷോക്കിങ്, അണ്‍ഫെയര്‍…’ എന്ന തലക്കെട്ടോടെയാണ് അതിജീവിതയുടെ സമൂഹമാധ്യമപോസ്റ്റ് . ഹൈക്കോടതിയില്‍ നിന്ന് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ട് വായിച്ചശേഷമുള്ള മാനസികാവസ്ഥയാണ് അതിജീവിത പങ്കുവച്ചത്. കേസുമായി ബന്ധപ്പെട്ട മെമ്മറികാര്‍ഡിന്‍ന്റെ ഹാഷ് വാല്യൂ മാറിയതില്‍ വിചാരണ കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കടുത്ത ഞെട്ടല്‍ ഉളവാക്കുന്നതാണ്. സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലീക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. തന്റെ സ്വകാര്യത ഈ കോടതിയില്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് ഭയപ്പാടോടെ താന്‍ തിരിച്ചറിയുന്നു ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണെന്നും അതിജീവിത വ്യക്തമാക്കുന്നു. ഇതിനര്‍ഥം കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടന്നല്ല . സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നിയമയുദ്ധം തുടരുമെന്നും അവര്‍ വ്യക്തമാക്കി.