സർക്കാർ നികൃഷ്ട ജീവികളോട് എന്ന പോലെ പെരുമാറി,സിപിഒ റാങ്ക് ജേതാക്കൾ

Advertisement


തിരുവനന്തപുരം. 62 ആം ദിവസം സെക്രട്ടറിയറ്റിന് മുന്നിലെ സമരം താത്കാലികമായി അവസാനിപ്പിച്ച് സിപിഒ റാങ്ക് ജേതാക്കൾ. സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്നലെ അർദ്ധരാതി അവസാനിച്ചതോടെയാണ് ഉദ്യോഗാർത്ഥികൾ സമരം നിർത്താൻ തീരുമാനിച്ചത്.  സർക്കാർ നികൃഷ്ട ജീവികളോട് എന്ന പോലെയാണ് പെരുമാറിയത് എന്നും ഒരുഘട്ടത്തിലും അനുകൂല മറുപടി ഉണ്ടായില്ലെന്നും ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു.


സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പലതവണ കയറി ഇറങ്ങിയിട്ടും എവിടെ നിന്നും അനുകൂല സ്വരം ഉണ്ടായില്ല എന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. സർക്കാർ തങ്ങളെ വഞ്ചിച്ചു. കേരളത്തെ യുവജനതയെ ഇനി സർക്കാർ വഞ്ചിക്കരുത് എന്നും ഉദ്യോഗാർത്ഥികൾ. സമരം താത്കാലികമായി അവസാനിപിക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തൽ പൊളിച്ചു മാറ്റി.


ഇന്നലെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന് മണിക്കൂറുകൾ മുൻപും ഉദ്യോഗാർത്ഥികൾ പെരുമഴയത്ത്  ശയനപ്രദിക്ഷണം നടത്തി സമരം ചെയ്തിരുന്നു. സമരം തുടങ്ങിയത് മുതൽ പുല്ലു തിന്നും, തല മുണ്ഡനം ചെയ്തും, പ്രതീകാത്മക ശവസംസ്‌കാരം നടത്തിയും ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചു. ഒന്നും ഫലം കണ്ടില്ല.


2019 സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 68 ശതമാനം ഉദ്യോഗാര്ഥികളും പുറത്താണ്. ഉദ്യോഗാർത്ഥികൾ നൽകിയ ഹർജി ഹൈ കോടതിയുടെ പരിഗണനയിൽ ഉണ്ട്. കോടതിയിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകും എന്നാണു പ്രതീക്ഷ. സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം തുടരുമെന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചു.

Advertisement