ഭര്‍ത്താവിന്റെ മദ്യപാനത്തിന്‌ പൂജ; യുവതിയെ നിരവധി തവണ പീഡനത്തിനിരയാക്കിയ പൂജാരി പിടിയില്‍

Advertisement

ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി 22 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പെരിങ്ങണ്ടൂര്‍ പൂന്തുട്ടില്‍ വീട്ടില്‍ സന്തോഷ് സ്വാമി (സന്തോഷ് കേശവന്‍-34)യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താനായി പ്രതി യുവതിയോട് ചില പൂജകള്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് യുവതിയെ വിളിച്ച് വരുത്തി. പിന്നീട് പ്രതി യുവതിയെ തന്റെ വീട്ടിലേക്ക് എത്തിച്ച് പീഡീപ്പിച്ചു.
പിന്നീട് ബലാത്സംഗ വിവരം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയും ഇയാള്‍ വീണ്ടും പീഡനത്തിന് ഇരയാക്കി. പിന്നീട് പലതവണ ഭീഷണിപ്പെടുത്തി തൃശൂര്‍ മെഡിക്കല്‍ കോളജിനടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയും പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസിലേക്ക് 18 സാക്ഷികളെ വിസ്തരിച്ചു. പ്രതി മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ടായിരുന്നു.